കാര്‍ ബുക്ക് ചെയ്യാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവം ; മാപ്പ് പറഞ്ഞ് കാര്‍ ഷോറും ജീവനക്കാര്‍ കേസില്‍ നിന്ന് ഒഴിവായി

കാര്‍ ബുക്ക് ചെയ്യാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവം ; മാപ്പ് പറഞ്ഞ് കാര്‍ ഷോറും ജീവനക്കാര്‍ കേസില്‍ നിന്ന് ഒഴിവായി
കാര്‍ ബുക്ക് ചെയ്യാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി കാര്‍ ഷോറൂം ജീവനക്കാര്‍. കര്‍ഷകനായ കെമ്പഗൗഡയെയാണ് എസ് യുവി ബുക്ക് ചെയ്യാനെത്തിയപ്പോള്‍ ഷോറൂം ജീവനക്കാര്‍ അപമാനിച്ചത്.

സംഭവത്തില്‍ കെമ്പഗൗഡ തുംകൂരിലെ തിലക്‌നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ച ജീവനക്കാര്‍ രേഖാമൂലം മാപ്പെഴുതി നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പോലീസിന്റെ മധ്യസ്ഥതയില്‍ ജീവനക്കാര്‍ കെമ്പഗൗഡയ്ക്ക് മാപ്പെഴുതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കേസ് അവസാനിപ്പിച്ചു.

തുംകൂരിലെ കാര്‍ ഷോറൂം ഉടമകളാണ് പുലിവാല് പിടിച്ചത്. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്.യു.വി ബുക്ക് ചെയ്യാനായി കാര്‍ ഷോറൂമിലെത്തിയത്.

കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. 'പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്'. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്.

അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. പണം കൊണ്ടുതന്നാല്‍ ഇന്ന് തന്നെ ഞങ്ങള്‍ക്ക് കാര്‍ ഡെലിവറി ചെയ്യണമെന്ന് പറഞ്ഞായിരുന്നു മടക്കം.

പറഞ്ഞ സമയത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോള്‍ ഷോറുമുകാര്‍ ശരിക്കും ഞെട്ടി.കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്‌നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു. കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പോലീസിന് പരാതി നല്‍കുകയും ചെയ്തു.

തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്.

Other News in this category



4malayalees Recommends