മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവില്‍ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭര്‍തൃമാതാവ്

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവില്‍ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭര്‍തൃമാതാവ്
ഏറെ വ്യത്യസ്തരായി ഈ ഭര്‍തൃമാതാവും മരുകമളും വാര്‍ത്തയായിരിക്കുകയാണ്. ഇവരുടെ സ്‌നേഹബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചാവിഷയം. മകന്‍ മരിച്ചപ്പോഴും മരുമകളെ ചേര്‍ത്തുപിടിച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയിരിക്കുകയാണ് കമലാദേവി എന്ന ഈ ഭര്‍തൃമാതാവ്.

രാജസ്ഥാനിലെ സികാറില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴാണ് സുനിതയുടെ ഭര്‍ത്താവ് ശുഭം മരിച്ചത്. 2016 മേയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പഠനത്തിനായി പോയ ശുഭം ആറുമാസം പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങുകയായിരുന്നു. മസ്തിഷ്‌കാഘാതം സംഭവിച്ചാണ് ശുഭം മരിച്ചത്.

എന്നാല്‍ മകന്‍ മരിച്ചതോടെ മരുമകളെ അവരുടെ വീട്ടിലേക്ക് മടക്കി അയയ്ക്കുന്നതിന് പകരം കമലാ ദേവി മരുമകളെ ചേര്‍ത്തുപിടിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ കമലാ ദേവി മരുമകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. സുനിതയെ പഠിപ്പിച്ച് പിജിയും ബിഎഡും പൂര്‍ത്തീകരിപ്പിച്ച കമലാദേവി എല്ലാ പിന്തുണയുമായി കൂടെ നിന്നു.

പിന്നീട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുനിത അധ്യാപികയായി തന്നെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മകന്‍ മരിച്ചിട്ടും സുനിതയെ അഞ്ചുവര്‍ഷവും കമലാദേവി മകളെപ്പോലെ കൂടെനിര്‍ത്തി സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. ഒടുവില്‍ ഉദ്യോഗസ്ഥയായ മരുമകള്‍ക്കായി ജീവിതപങ്കാളിയെ കണ്ടെത്താനും കമലാദേവി തന്നെ മുന്നില്‍ നിന്നു.

ഭോപ്പാലില്‍ ഓഡിറ്ററായ മുകേഷാണ് സുനിതയെ ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends