ജയിച്ച ശേഷം കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് ; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ത്ഥികളെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പാര്‍ട്ടി

ജയിച്ച ശേഷം കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് ; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ത്ഥികളെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പാര്‍ട്ടി
കൂറുമാറ്റം തടയാന്‍ ഗോവന്‍ മാതൃകയില്‍ നേതാക്കളെകൊണ്ട് ആരാധനാലയങ്ങള്‍ കയറിയിറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് നേതാക്കളെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം സ്ഥാനാര്‍ഥികള്‍ കൂറുമാറുന്നത് കോണ്‍ഗ്രസില്‍ പതിവായതോടെയാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ 16 പേര്‍ ബിജെപിയിലേക്ക് കൂറുമാറി പോയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളിലേക്കുളള നേതാക്കളുടെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിന് വേണ്ടിയുളള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.


അതേസമയം, കൂറുമാറ്റം തടയാനായി ബിജെപിയും ശ്രമിക്കുന്നുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ നിന്ന് കൂറുമാറില്ലെന്ന് രേഖയായി വാങ്ങാനാണ് ബിജെപിയുടെ നീക്കം. മണിപ്പൂരില്‍ നിലവിലുളള സീറ്റിനേക്കാള്‍ മത്സരിക്കുന്ന നേതാക്കളുടെ എണ്ണം കൂടിയത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്.

നേരത്തെ ഗോവയിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കവുമായി മുന്നോട്ടു വന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ 36 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്. ഗോവയിലെ വിവിധ അമ്പലങ്ങളിലും ക്രിസ്ത്യന്‍ ദേവാലങ്ങളിലും മുസ്ലീം പളളികളിലും കൊണ്ടുപോയാണ് ഇവരെ കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും ബെറ്റിമിലെ ഒരു മുസ്ലിം പള്ളിയിലും എത്തിയ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കുകയായിരുന്നു.


Other News in this category



4malayalees Recommends