അപമാനിച്ചുവിട്ട കര്‍ഷകന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം ജീവനക്കാര്‍: പുത്തന്‍ ബൊലേറോയും കൈമാറി

അപമാനിച്ചുവിട്ട കര്‍ഷകന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം ജീവനക്കാര്‍: പുത്തന്‍ ബൊലേറോയും കൈമാറി
കാര്‍ വാങ്ങാന്‍ എത്തിയ കര്‍ഷകനെ ഷോറൂം ജീവനക്കാര്‍ അധിക്ഷേപിച്ച സംഭവത്തില്‍, വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞും പുത്തന്‍ ബൊലേറോ കൈമാറിയും മഹീന്ദ്ര ഷോറൂം അധികൃതര്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹീന്ദ്ര ഷോറൂമില്‍ ബൊലേറോയുടെ കാര്‍ വാങ്ങാന്‍ പൂ കൃഷിക്കാരനായ കെംപഗൗഡയും സുഹൃത്തുക്കളും എത്തുന്നത്. സാധാരണക്കാരായ അവരുടെ വേഷം കണ്ട് ഷോറൂമിലെ ജീവനക്കാരന്‍ അപമാനിച്ച് പുറത്താക്കി.

10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കെംപഗൗഡ ചോദിച്ചപ്പോല്‍ 'പത്ത് രൂപ പോലും തികച്ചെടുക്കാന്‍ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത്' എന്നാണ് സെയില്‍സ്മാന്‍ പരിഹസിച്ചത്. അര മണിക്കൂറില്‍ പണം മുഴുവന്‍ റൊക്കം കൊണ്ടുവന്നാല്‍ ഇന്ന് തന്നെ വാഹനം ഡെലിവറി ചെയ്യാന്‍ കഴിയുമോ എന്ന് രോഷാകുലനായി കര്‍ഷകന്‍ ചോദിച്ചു. ജീവനക്കാരനെ അത്ഭുതപ്പെടുത്തി ഒരു മണിക്കൂറിനുള്ളില്‍ കര്‍ഷകന്‍ തിരികെയെത്തി. പറഞ്ഞ പോലെ കൈയ്യില്‍ 10 ലക്ഷം രൂപയുമായി.

കെംപഗൗഡ വാഹനം ആവശ്യപ്പെട്ടു. പക്ഷേ, ഷോറൂമിലെ ജീവനക്കാര്‍ പെട്ടു. വാഹനം ഡെലിവറി ചെയ്യുന്നതിന്റെ സാങ്കേതിക തടസങ്ങള്‍ കാരണം വാഹനം നല്‍കാനാകാതെ ജീവനക്കാര്‍ പരുങ്ങി. അവര്‍ എങ്ങനെയൊക്കെ കിണഞ്ഞു ശ്രമിച്ചാലും ഏറ്റവും കുറഞ്ഞത് നാല് ദിവസം എങ്കിലും വാഹനം ഡെലിവറി ചെയ്യാന്‍ ആവശ്യമായിരുന്നു.

പ്രശ്‌നം ഇതോടെ വഷളായി. തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയാണ് തര്‍ക്കം പരിഹരിച്ചത്. ലുക്ക് കണ്ട് തന്നെയും സുഹൃത്തുക്കളെയും അപമാനിച്ച സെയില്‍സ്മാന്‍ മാപ്പ് പറയണമെന്ന് കെംപഗൗഡ ആവശ്യം വച്ചു. സെയില്‍സ്മാനും മറ്റ് ജീവനക്കാരും മാപ്പ് ചോദിക്കുകയും ക്ഷമാപണം എഴുതി നല്‍കുകയും ചെയ്തതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

സംഭവത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍പേഴ്‌സന്‍ ആനന്ദ് മഹീന്ദ്ര തന്നെ കര്‍ഷകനോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഉറപ്പു നല്‍കിയപോലെ പുത്തന്‍വാഹനം വീട്ടിലെത്തിച്ചു നല്‍കി ജീവനക്കാര്‍ കര്‍ഷകനോട് മാപ്പ് പറഞ്ഞത്. പുത്തന്‍ വാഹനത്തിനൊപ്പം കെംപഗൗഡ നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends