സംഭവിച്ചത് നാക്കുപിഴ ; രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി

സംഭവിച്ചത് നാക്കുപിഴ ; രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി
നിയമസഭയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍. സംഭവിച്ചത് നാക്ക്പിഴയാണെന്നും, അതിന് മാപ്പ് പറയുന്നുവെന്നും ധരിവാള്‍ പറഞ്ഞു. രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതു കൊണ്ടാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമുള്ള മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ക്ഷമാപണം നടത്തിയത്.

ബലാത്സംഗക്കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് വകുപ്പിന് കൂടുതല്‍ ഗ്രാന്റുകളും ഫണ്ടുകളും സൗകര്യങ്ങളും ആവശ്യമാണോ എന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

'പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയ ധനസഹായത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കുകയായിരുന്നു, എന്റെ വായില്‍ നിന്ന് ദൗര്‍ഭാഗ്യകരമായ ചില വാക്കുകള്‍ വന്നപ്പോള്‍, ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കുകയും എന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു നാക്കുപിഴയായിരുന്നു. അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു.' അദ്ദേഹം പറഞ്ഞു.

ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ആണെന്നതില്‍ സംശയമൊന്നുമില്ല. എന്തുകൊണ്ടാണ് ബലാത്സംഗ കേസുകളുടെ കാര്യത്തില്‍ നാം മുന്നിട്ട് നില്‍ക്കുന്നത്. അതിന് കാരണം രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണെന്നതാണ് എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

Other News in this category



4malayalees Recommends