ഇതേ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല ; 'കോണ്‍ഗ്രസിനെ ചിലര്‍ വീട്ടില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു'; ഗാന്ധി കുടുംബത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍

ഇതേ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല ; 'കോണ്‍ഗ്രസിനെ ചിലര്‍ വീട്ടില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു'; ഗാന്ധി കുടുംബത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വലിയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ചര്‍ച്ചകള്‍ പുരോഗമിക്കെ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഗാന്ധി കുടുംബത്തെ നേരിട്ട് രുക്ഷമായി വിമര്‍ശിക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. ദേശീയ മാധ്യമത്തോടാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ജി23 അംഗവുമായ കപില്‍ സിബല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി തന്നെ അത്ഭുതപ്പെടുത്തിയില്ല. 2014 മുതല്‍ പാര്‍ട്ടി താഴേക്ക് പോവുകയാണ്. ഭരണത്തിലിരുന്ന സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. നേരത്തെ പാര്‍ട്ടി വിജയിച്ചിടത്ത് പോലും ഇപ്പോള്‍ അണികളെ ഒരുമിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. അതിനിടെ, ചില പ്രധാന വ്യക്തികള്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായി. നേതൃത്വത്തിന്റെ വിശ്വസ്ഥരാണ് ഇത്തരത്തില്‍ പാര്‍ട്ടി വിട്ടത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും ഇത്തരം കൊഴിഞ്ഞ് പോക്ക് ഉണ്ടായി. കണക്കുകള്‍ പരിശോധിച്ചാല്‍ 2014 മുതല്‍ 177 എംപിമാരും എംഎല്‍എമാരും, 222 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് വിട്ടുവെന്നത് ശ്രദ്ധേയമാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തിലുള്ള പലായനം കണ്ടിട്ടില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമെന്ന് അറിയിച്ച തീരുമാനത്തിനും അത്ഭുതപ്പെടാന്‍ തക്കതായി ഒന്നും ഇല്ലെന്നും കപില്‍ സിബല്‍ പറയുന്നു. സി.ഡബ്ല്യു.സി.യിലെ നേതാക്കളില്‍ മിക്കവരും ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇനിയും ഇതേ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല. കോണ്‍ഗ്രസിനെ പരിഷ്‌കരിക്കാനും, പുനരുജ്ജീവിപ്പിക്കാനും അതിന്റെ പ്രതാപത്തിലേക്ക് കൊണ്ടുപോകാനുമുള്ള സമയമാണിത്. ഇക്കാര്യം അറിയിക്കാന്‍ താന്‍ ഉള്‍പ്പെടെ പല നേതാക്കളും ശ്രമിച്ചു.

താന്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏതെങ്കിലും നേതാവിനോടുള്ള എതിര്‍പ്പ് കൊണ്ടല്ല, കോണ്‍ഗ്രസ് അനുകൂലി ആയതിനാലാണ്. എന്നും കപില്‍ സിബല്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു സിബലിന്റെ പ്രതികരണം. എന്നാല്‍, വിമര്‍ശനം ഉന്നയിക്കുമ്പോഴും താന്‍ എന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും കപില്‍ സിബല്‍ പറയുന്നു. മരണം വരെ കോണ്‍ഗ്രസുകാരനായി തുടരും. പക്ഷേ കോണ്‍ഗ്രസ് ഈ രീതിയില്‍ അധഃപതിക്കുന്നതും അതിന്റെ പ്രതാപം നഷ്ടപ്പെടുന്നതും തനിക്ക് കാണാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ പറയുന്നു.

Other News in this category



4malayalees Recommends