ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് ജനാധിപത്യ വിരുദ്ധം; ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ബിജെപി നേതാവ്

ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് ജനാധിപത്യ വിരുദ്ധം; ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ബിജെപി നേതാവ്
കര്‍ണാടകയില്‍ ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്ന ഹിന്ദുത്വ അനുകൂല സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത് ബിജെപി നേതാവും നിയമസഭാംഗവുമായ എ.എച്ച് വിശ്വനാഥ്. ഇതൊക്ക ഒരു തരം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. മതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് അറിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയവരുടെ ആവശ്യം പരിഗണിച്ച് ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തയിരുന്നു. മറ്റു പല ഭാഗങ്ങളിലും ഈ രീതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

എന്തിനാണ് മുസ്ലിം കച്ചവടക്കാരെ എതിര്‍ക്കുന്നത് ? എത്ര ഇന്ത്യക്കാരാണ് മുസ്ലിം രാജ്യങ്ങളിലും മറ്റുമായി ജോലി ചെയ്യുന്നത്. അവരെല്ലാം നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, എന്താകും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യാ പാക് വിഭജനം നടന്ന സമയത്ത് അവര്‍ ഇന്ത്യയെയാണ് തിരഞ്ഞെടുത്തത്. ജിന്നയുടെ കൂടെ പോയില്ല. മുസ്ലിമുകള്‍ മറ്റു രാജ്യക്കാരല്ല, ഇന്ത്യക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends