സ്റ്റാലിന്റെ അഞ്ചുദിവസത്തെ യുഎഇ സന്ദര്‍ശനം; തമിഴ്‌നാട്ടിലെത്തുന്നത് 6100 കോടി രൂപയുടെ നിക്ഷേപം

സ്റ്റാലിന്റെ അഞ്ചുദിവസത്തെ യുഎഇ സന്ദര്‍ശനം; തമിഴ്‌നാട്ടിലെത്തുന്നത് 6100 കോടി രൂപയുടെ നിക്ഷേപം
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഞ്ചുദിവസത്തെ യുഎഇ സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടിലേക്കെത്തുന്നത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 6 പ്രധാന നിക്ഷേപ കരാറുകളിലാണ് സ്റ്റാലിന്‍ ഒപ്പുവെച്ചത്. യുഎഇ സന്ദര്‍ശനത്തിലൂടെ 14,700 പുതിയ തൊഴിലസവരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റാലിന്‍ അറിയിച്ചു.

ലുലു ഗ്രൂപ്പ്, നോബിള്‍ സ്റ്റീല്‍സ്, ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍, ഷറഫ് ഗ്രൂപ്പ്, ട്രാന്‍സ്വേള്‍ഡ് ഗ്രൂപ്പ്, തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് സ്റ്റാലിന്‍ കരാര്‍ ഒപ്പുവെച്ചത്. നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്‌സ്‌റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്പനിയായ 'ഷറഫ്' ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.

മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപകരാറിലാണ് സ്റ്റാലിന്‍ ഒപ്പുവെച്ചത്. 2500 കോടി നിക്ഷേപത്തില്‍ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണശാലയും ലുലു തമിഴ്‌നാട്ടില്‍ സ്ഥാപിക്കും. ചെന്നൈയിലെ ലുലു ഷോപ്പിങ് മാള്‍ 2024ല്‍ പ്രവര്‍ത്തനമാരംഭിക്കും. കോയമ്പത്തൂരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത പത്തു വര്‍ഷത്തില്‍ ഒരു ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞു


Other News in this category



4malayalees Recommends