പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം മൂലം യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടര്‍ ആത്മഹത്യചെയ്തു

പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം മൂലം യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടര്‍ ആത്മഹത്യചെയ്തു
പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ലാല്‍സോട്ട് ആസ്ഥാനമായുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അര്‍ച്ചന ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യയില്‍ പ്രതിഷേധിക്കുകയാണ് രാജ്യത്തൊട്ടാകെയുള്ള ഡോക്ടര്‍മാര്‍. ഡോ. അര്‍ച്ചന ജോലി ചെയ്യുന്ന ആശുപത്രിയിലെ മുറിയില്‍ തന്നെയാണ് തൂങ്ങിമരിച്ചത്. പ്രസവത്തിനിടെ മരിച്ച രോഗിയുടെ കുടുംബം രോഗിയുടെ മരണത്തിന് കാരണക്കാരി ഡോക്ടറാണ് എന്ന് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അര്‍ച്ചനയ്ക്ക് എതിരെ കേസെടുത്തത്.

പോലീസ് ഐപിസി സെക്ഷന്‍ 302 (കൊലപാതകശ്രമം) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ ഗര്‍ഭിണി മരിക്കാനിടയായ സംഭവത്തെ വിശദീകരിക്കുന്നുണ്ട്. പ്രസവസമയത്ത് സംഭവിക്കാനിടയുള്ള അപൂര്‍വമെങ്കിലും സങ്കീര്‍ണതയായ പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്ന് അര്‍ച്ചന ശര്‍മ്മ കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, ഡോക്ടര്‍മാരെ ശല്യപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന അര്‍ച്ചന ശര്‍മ്മയുടെ ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാര്‍ട്ടം ഹെമറേജ് എന്നത് ഒരു ഡോക്ടറുടെ കൈപ്പടിയില്‍ ഒതുങ്ങുന്നതല്ലെന്ന് മലയാളി ഡോക്ടറായ സുല്‍ഫി നൂഹുവും ചൂണ്ടിക്കാട്ടുന്നു. 25 മുതല്‍ 40 ശതമാനം വരെ ഗര്‍ഭിണികളുടെ മരണത്തിന് ഇത് കാരണമാകുന്നു. ഇതിന്റെ പേരില്‍ ഒരു ഡോക്ടര്‍ക്ക് കൊലക്കുറ്റം ചുമത്തിയത് അങ്ങേയറ്റം ക്രൂരതയാണ്, ഇത് ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്?

—+

'ഞാന്‍ എന്റെ ഭര്‍ത്താവിനെയും മക്കളെയും സ്‌നേഹിക്കുന്നു, ദയവായി എന്റെ മരണശേഷം അവരെ ഉപദ്രവിക്കരുത്'

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല'.

'ഞാന്‍ ആരെയും കൊന്നിട്ടില്ല'.

'പോസ്റ്റ് പാര്‍ട്ടം ഹെമറേജിന് എനിക്കെതിരേ കൊലക്കുറ്റം ചുമത്തി ഉപദ്രവിച്ചത് ക്രൂരതയാണ്'.

'ഇത് അറിയപ്പെടുന്ന സങ്കീര്‍ണതയാണ്'.

' ഒരു പക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിച്ചേക്കാം'

'ഇനിയും ഇങ്ങനെ നിരപരാധികളായവരെ ഉപദ്രവിക്കരുത്'..

'ലവ് യു'

'ദയവു ചെയ്ത് എന്റെ കുട്ടികള്‍ക്ക് അമ്മയുടെ അഭാവം അനുഭവപ്പെടരുത്'.

എന്ന്

ഡോ .അര്‍ച്ചന.


രാജസ്ഥാനിലാണ്. നാളെ ഇത് ഇവിടെയും സംഭവിച്ചേക്കാം. പോസ്റ്റ് പാര്‍ട്ടം ഹെമറേജ് എന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്ന ഗര്‍ഭിണി നിര്‍ഭാഗ്യവശാല്‍ മരിക്കുന്നു. ഗര്‍ഭിണികളുടെ മരണത്തിന് 25 മുതല്‍ 40 ശതമാനം വരെ കാരണമാകുന്നത് ഈ അവസ്ഥയാണ്. വളരെ ഉയര്‍ന്ന മരണനിരക്കുള്ള ഈ അസുഖം ചിലപ്പോഴൊക്കെ ഡോക്ടറുടെ കൈപിടിയില്‍ ഒതുങ്ങുന്നതല്ല. രോഗി മരിക്കുന്നു ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യുന്നു. സെക്ഷന്‍ 302 ipc പ്രകാരം. സമൂഹ മാധ്യമ വിചാരണ. വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആക്രമണം. ഇന്നലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്‌ബോള്‍ ചില ജീവനുകള്‍ കൈപ്പിടിയിലൊതുങില്ല. നിയമപ്രകാരം കൊലക്കുറ്റം ചാര്‍ജ് ചെയ്യാന്‍ ഒരു വകുപ്പുമില്ല . ഈ ക്രൂരത ഒരു ഡോക്ടറുടെ ജീവനെടുത്തു. ഇത് ആവര്‍ത്തിക്കപ്പെടരുത് ഒരിക്കലും.


ഡോ സുല്‍ഫി നൂഹു

Other News in this category



4malayalees Recommends