ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്‌ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ആഗസ്റ്റ് 3 ന്

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്‌ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ആഗസ്റ്റ്  3 ന്
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന പതിനൊന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്‌ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ടൊറൊന്റോയിലുള്ള ആല്‍ബര്‍ട്ട് ക്യാമ്പ്‌ബെല്‍ സ്‌ക്വയറില്‍ (Albert Campbell Square) നടക്കും. ഈ വര്‍ഷം 'ഡാന്‍സ് അറ്റ് ദി സ്‌ക്വയര്‍ ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ പ്രവേശനം സൗജന്യമാണ്.


ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ വിവിധ രാജ്യക്കാര്‍ തിങ്ങിപാര്‍ക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയില്‍ നടക്കുന്ന ഈ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാന്‍സ് വിഭവങ്ങള്‍ ഉണ്ടായിരിക്കും. ഇത്തവണ 50 തോളം വ്യത്യസ്ത ഡാന്‍സ് സ്‌റ്റൈലുകളാണ് തയ്യാറാക്കിയിരിക്കുന്നത്.


നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക് വെളിയില്‍ ജനിച്ചവരും നാനാ ജാതി, മത സംസ്‌ക്കാരത്തില്‍ വളര്‍ന്നവരുമാണ്. ഈ സാഹചര്യത്തിലാണ് വിവിധ സംസ്‌ക്കാരത്തിലുള്ള കലകളെയെല്ലാം കോര്‍ത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാന്‍സ് ഫെസ്റ്റിവലിന് ഡാന്‍സിംഗ് ഡാംസല്‍സ് തുനിഞ്ഞിറങ്ങിയത്.


കഴിഞ്ഞ 10 വര്‍ഷത്തിനൊടകം 200 ലേറെ ഡാന്‍സ് കമ്പനികളെയും 100 ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 2000 ലേറെ ഡാന്‍സിംഗ് പ്രൊഫഷണല്‍സിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജില്‍ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു.


ടൊറൊന്റോ ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജില്‍ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മലയാളികൂടിയായ മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു.


രാവിലെ 10 മണിമുതല്‍ വിവിധ തരത്തിലുള്ള നൃത്തങ്ങളുടെ ശില്പശാലയും ഇതിനോടനുബന്ധിച്ചു നടത്തുന്നുണ്ട്. വൈകുന്നേരം 4 മണി മുതലാണ് പ്രധാന പരിപാടികള്‍ അരങ്ങേറുക. കാനഡയിലെ ഫെഡറല്‍ പ്രൊവിന്‍ഷ്യല്‍ സിറ്റി തലങ്ങളിലുള്ള മന്ത്രിമാരും എം.പി മാരും, എം പി പി മാരും വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍മാരും ചടങ്ങില്‍ പങ്കെടുക്കും. . ഇരുപത്തഞ്ചോളം സ്റ്റാളുകളും ഫുഡ് വെണ്ടര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.


ഡാന്‍സ് ഫെസ്റ്റിവലിന്റെ കിക്കോഫ്, റെയ്മണ്ട് ചോ (Minister for Seniors and Accessibiltiy) യും ഫെസ്റ്റിവലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ അലക്‌സ് അലെക്‌സാണ്ടറും (RE/MAX Communtiy Reatly Brokerage ) ചേര്‍ന്ന് ജൂലൈ 1 ന് കാനഡാ ഡേയില്‍ ടൊറോന്റോയിലുള്ള ചൈനീസ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു .


കൂടുതല്‍ വിവരങ്ങള്‍ക്കും , സ്‌പോണ്‍സര്‍ഷിപ്പ് , വോളണ്ടറിങ് അവസരങ്ങള്‍ക്കും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddarts.ca അല്ലെങ്കില്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് www.tidfcanada.com സന്ദര്‍ശിക്കുക .


കലയിലൂടെ സാംസ്‌ക്കാരിക വളര്‍ച്ചയും സാമൂഹ്യ ഉന്നമനവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡാന്‍സിംഗ് ഡാംസല്‍സ് (DD.Inc ).



Other News in this category



4malayalees Recommends