ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍
കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള ഏറ്റവും മോശം ഇലക്ട്രിക് വെഹിക്കിള്‍ ഒലയാണന്നും ആരും ഈ വാഹനം വാങ്ങരുതെന്നും എഴുതിയ പ്ലക്കാര്‍ഡ് തന്റെ സ്‌കൂട്ടറില്‍ സ്ഥാപിച്ചാണ് യുവതിയുടെ പ്രതിഷേധ യാത്ര. ബെംഗളൂരു നിവാസിയായ നിഷ ഗൗരിയാണ് ഇത്തരത്തില്‍ ഒരു നിരാശാപ്രകടനം കമ്പനിക്കെതിരെ നടത്തിയിരിക്കുന്നത്.

'പ്രിയപ്പെട്ട കന്നഡിഗേ, ഓല ഉപയോഗശൂന്യമായ ഇരുചക്ര വാഹനമാണ്. നിങ്ങള്‍ ഈ വാഹനം വാങ്ങിയാല്‍ അത് നിങ്ങളുടെ ജീവിതം ദുരിത പൂര്‍വ്വമാക്കും. ദയവായി ആരും ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങരുത്' എന്ന് ഇംഗ്ലീഷും കന്നടയും ചേര്‍ത്തെഴുതിയ പ്ലക്കാര്‍ഡാണ് ഗൗരി സ്‌കൂട്ടറില്‍ സ്ഥാപിച്ചത്. ബോര്‍ഡോടുകൂടിയ തന്റെ സ്‌കൂട്ടറിന്റെ ഫോട്ടോ ഗൗരി എക്‌സില്‍ പങ്കുവച്ചതോടെ പോസ്റ്റ് വളരെ വേഗത്തില്‍ ശ്രദ്ധ നേടുകയും ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഗുണനിലവാരത്തെയും സേവനത്തെയും കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തു.

സോഫ്റ്റ്വെയര്‍ തകരാറുകള്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളില്‍ നിന്നാണ് തന്റെ ഒല സ്‌കൂട്ടറുമായി ബന്ധപ്പെട്ട നിരാശകള്‍ ഉടലെടുത്തതെന്നാണ് ഗൗരി പറയുന്നത്. പണം മുഴുവന്‍ അടച്ചിട്ടും ഒരു മാസത്തിലേറെ തനിക്ക് സ്‌കൂട്ടര്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വൈറല്‍ ആയതോടെ ഇതിലും മികച്ചൊരു റിവ്യൂ ഒലയ്ക്ക് കിട്ടാനില്ലെന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.

Other News in this category



4malayalees Recommends