യുഎസില്‍ കൊറോണ മരണം 1300 ആയിട്ടും 85,996 പേര്‍ രോഗബാധിതരായിട്ടും നടപടിയെടുക്കുന്നതില്‍ ട്രംപിന് അലംഭാവം; ഇങ്ങനെയാണെങ്കില്‍ ജൂലൈയോടെ രാജ്യത്ത് 81,000 പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 15,000 പുതിയ കേസുകള്‍

യുഎസില്‍ കൊറോണ മരണം 1300 ആയിട്ടും 85,996 പേര്‍ രോഗബാധിതരായിട്ടും നടപടിയെടുക്കുന്നതില്‍ ട്രംപിന് അലംഭാവം; ഇങ്ങനെയാണെങ്കില്‍ ജൂലൈയോടെ രാജ്യത്ത് 81,000 പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 15,000 പുതിയ കേസുകള്‍
കൊറോണ വൈറസ് ബാധിച്ച് യുഎസില്‍ മരിച്ചവരുടെ എണ്ണം 1300 ആയി വര്‍ധിച്ചു. മൊത്തം 85,996 പേര്‍ക്ക് രാജ്യത്ത് കോവിഡ്-19 ബാധിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ 753 പേര്‍ക്ക് രോഗത്തില്‍ നിന്നും മുക്തിയുണ്ടായെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതോടെ കൊറോണ രോഗികളുടെ കാര്യത്തില്‍ യുഎസ് ഇന്നലെ ചൈനയെ മറി കടന്നിട്ടുമുണ്ട്. ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 81,782 ആയിരുന്നു എന്നറിയുമ്പോഴാണ് യുഎസിലെ രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് മനസിലാക്കാനാവുന്നത്.

ഇതിനിടെ ലോകമെമ്പാടും കൊറോണ ബാധിച്ച് മരിച്ചവര്‍ 24,361 ആയാണ് വര്‍ധിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലുമായി 5,42,788 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കൊറോണയെ നേരിടുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ സ്വീകരിച്ച നയങ്ങള്‍ പാളിയതാണ് രാജ്യത്തെ സ്ഥിതി ഇത്രയും ഗുരുതരമായിത്തീരാന്‍ കാരണമായിരിക്കുന്നതെന്ന ആരോപണം ഇപ്പോള്‍ കൂടുതല്‍ ശക്തമാകുന്നുണ്ട്. വൈറസിനെ പ്രതിരോധിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം തികഞ്ഞ പരാജയമായതാണ് ഈ ദുസ്ഥിതിക്ക് കാരണമെന്നും നിരവധി പേര്‍ പരിതപിക്കുന്നു.

ഇന്നലെ മാത്രം യുഎസില്‍ 15,000 പുതിയ കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ കൊറോണ പടരാന്‍ തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തന്നെ ആ നഗരത്തെ ചൈന ലോക്ക്ഡൗണ്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ട്രംപ് ഇവിടെ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അധിക ആത്മവിശ്വാസം കാട്ടി അതിനെ അവഗണിക്കുകയായിരുന്നുവെന്നും അതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്.

ഈ രീതിയിലാണ് ട്രംപ് മുന്നോട്ട് പോകുന്നതെങ്കില്‍ അതായത് വീട്ടിലിരിക്കാനുള്ള നിയന്ത്രണങ്ങള്‍ ഈസ്റ്ററോടെ ട്രംപ് എടുത്ത് മാറ്റുകയാണെങ്കില്‍ ജൂലൈയോടെ രാജ്യത്ത് 81,000 പേര്‍ കൊറോണ ബാധിച്ച് മരിക്കുമെന്നാണ് സിയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്‍ നടത്തിയ ഒരു വിശദമായ വിശകലനം മുന്നറിയിപ്പേകുന്നത്.യുഎസില്‍ ആളുകള്‍ കൊറോണ കാരണം മരിച്ച് വീഴുകയും രോഗബാധിതരുടെ എണ്ണം നാള്‍ക്ക് നാള്‍ കുതിച്ച് കയറുകയും ചെയ്യുമ്പോഴും ഈസ്റ്ററോടെ രാജ്യത്ത് കൊറോണ ബാധ നിയന്ത്രണവിധേയമാകുമെന്നും രാജ്യം സാധാരണ നിലയിലേക്ക് തിരിച്ച് പോകുമെന്നുമുള്ള അയഞ്ഞ നിലപാടാണ് ട്രംപ് ഇപ്പോഴുമെടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends