യുഎസില്‍ നികുതി വെട്ടിക്കുറയ്ക്കുമെന്നും ഏവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുമെന്നും ട്രംപ്; കോവിഡില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നും ഒബാമ കെയര്‍ വിപുലമാക്കുമെന്നും ബിഡെന്‍; വോട്ടര്‍മാരെ കൈയിലെടുക്കാന്‍ വാഗ്ദാന മത്സരം

യുഎസില്‍ നികുതി വെട്ടിക്കുറയ്ക്കുമെന്നും ഏവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുമെന്നും ട്രംപ്; കോവിഡില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നും ഒബാമ കെയര്‍ വിപുലമാക്കുമെന്നും ബിഡെന്‍; വോട്ടര്‍മാരെ കൈയിലെടുക്കാന്‍ വാഗ്ദാന മത്സരം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും ജോയ് ബിഡെനും വ്യത്യസ്തമായ നയങ്ങള്‍ വാഗ്ദാനം ചെയ്താണ് വോട്ടര്‍മാരെ കൈയിലെടുക്കാന്‍ കോപ്പ് കൂട്ടുന്നത്. ഇത് പ്രകാരം മറ്റ് റിപ്പബ്ലിക്കന്‍മാരെ പോലെ നികുതി വെട്ടിക്കുറവ് വരുത്തുമെന്നാണ് ട്രംപ് പൊതുവായ വാഗ്ദാനമേകിയിരിക്കുന്നത്. എന്നാല്‍ താന്‍ വീണ്ടും പ്രസിഡന്റായാല്‍ എന്തൊക്കെ പരിഷ്‌കാരങ്ങളും നയങ്ങളുമാണ് അനുവര്‍ത്തിക്കുകയെന്നത് ട്രംപ് വിശദീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ ഡെമോക്രാറ്റിക് എതിരാളിയായ ജോയ് ബിഡെന്‍ പ്രസിഡന്റ് പദത്തിലെത്തുന്നത് തടയുമെന്നും ഡെമോക്രാറ്റുകള്‍ രാജ്യത്തിന്റെ നയത്തെ ഇടതുപക്ഷത്തേക്ക് നയിക്കുന്നതിന് തടയിടുമെന്നതാണ് ട്രംപി ന്റെ പ്രധാനപ്പെട്ട വാഗ്ദാനം. തന്റെ സര്‍ക്കാര്‍ സെന്റര്‍ ലെഫ്റ്റ് നയങ്ങളായിരിക്കും പിന്തുടരുകയെന്നാണ് ബിഡെന്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനമേകുന്നത്.

ഇതിന് പുറമെ ലോകത്തില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ച യുഎസിനെ അതില്‍ നിന്നും മോചിപ്പിക്കുമെന്നും ബിഡെന്‍ വാഗ്ദാനം ചെയ്യുന്നു.കൂടാതെ കോവിഡിനാല്‍ തകര്‍ന്ന് തരിപ്പണമായ യുഎസിലെ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുമെന്നും നൂറ്റാണ്ടുകളായി അമേരിക്കയില്‍ തുടരുന്ന വംശീയ വിവേചനത്തെയും വംശീയപരമായ ആക്രമണങ്ങളെയും കൊലപാതകങ്ങളെയും അസമത്വങ്ങളെയും ഇല്ലായ്മ ചെയ്യുമെന്നും ബിഡെന്‍ വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ വെട്ടിച്ചുരുക്കാനും സ്റ്റോക്ക് മാര്‍ക്കറ്റിനെ പുഷ്ടിപ്പെടുത്താനും താന്‍ യത്‌നിക്കുമെന്ന് കോവിഡിന് മുമ്പ് തന്നെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. മൂന്നും നാലും ക്വാര്‍ട്ടറുകളില്‍ യുഎസ് സമ്പദ് വ്യവസ്ഥ തിരിച്ച് വരുമെന്നും 2021ല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച റോക്കറ്റ് പോലെ കുതിച്ചുയരുമെന്നും ട്രംപ് പ്രവചിച്ചിരുന്നു. കോവിഡിനുള്ള വാക്‌സിന്‍ അല്ലെങ്കില്‍ മരുന്നുകള്‍ എത്രയും വേഗം രാജ്യത്തെ ജനതയ്ക്ക് ലഭ്യമാക്കുമെന്നും കോവിഡിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ജനത്തിന് ഉറപ്പേകിയിരുന്നു.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനാല്‍ പേറോള്‍ ടാക്‌സ് വെട്ടിക്കുറയ്ക്കല്‍ സമ്മറില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും ട്രംപ് പിന്‍മാറാന്‍ നിര്‍ബന്ധിതനായെങ്കിലും രണ്ടാമതും പ്രസിഡന്റായാല്‍ ഇത് നടപ്പിലാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്. അതിന്റെ പേരില്‍ മാത്രം ട്രംപിന് കുറേ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. നേരിട്ടുള്ള പഠനം സാധ്യമാക്കാനായി സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നത്.

കോവിഡുമായി ബന്ധപ്പെട്ട ചെലവുകള്‍ താങ്ങുന്നതിനായി സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫെഡറല്‍ ധനസഹായം താന്‍ പ്രസിഡന്റായാല്‍ അനുവദിക്കുമെന്നാണ് ബിഡെന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. താന്‍ പ്രസിഡന്റായാല്‍ മുന്‍ പ്രസിഡന്റ് ഒബാമയുടെ ഹെല്‍ത്ത് കെയര്‍ നിയമത്തിന് പകരം തന്റേതായ പദ്ധതി നടപ്പിലാക്കുമെന്നും ഏവരെയും ഇന്‍ഷൂര്‍ ചെയ്യുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഹെല്‍ത്ത് കെയറിനായുള്ള ഒബാമയുടെ നിയമം വ്യാപകമാക്കുമെന്നും കൂടുതല്‍ പേര്‍ക്ക് ഉദാരമായ തോതില്‍ ഹെല്‍ത്ത് കവറേജ് ലഭ്യമാക്കുമെന്നുമാണ് ബിഡെന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.



Other News in this category



4malayalees Recommends