ഒമാന്‍ ഭരണാധികാരിയ്ക്ക് സൗദിയില്‍ ഉജ്ജ്വല സ്വീകരണം

ഒമാന്‍ ഭരണാധികാരിയ്ക്ക് സൗദിയില്‍ ഉജ്ജ്വല സ്വീകരണം
സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദിന് സൗദി അറേബ്യ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. 'നിയോം ബേ' വിമാനത്താവളത്തിലെത്തിയ ഒമാന്‍ സുല്‍ത്താനെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് സ്വീകരിച്ചു.

പിന്നീട് നിയോം രാജ കൊട്ടാരത്തില്‍ എത്തിയ ഒമാന്‍ സുല്‍ത്താനെ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചര്‍ച്ചകളും ഇരു നേതാക്കന്മാര്‍ നടത്തി. ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാരുടെ സാന്നിധ്യത്തില്‍ ഒമാന്‍സൗദി ഏകോപന സമിതി രൂപീകരിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.

ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ഊര്‍ജിതപ്പെടുത്താനും വിപുലീകരിക്കുവാനുമാണ് ഒമാന്‍ സൗദി ഏകോപന സമിതി ലക്ഷ്യമിടുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരനുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. സന്ദര്‍ശനവേളയില്‍ സംയുക്ത താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ കരാറുകളിലും മറ്റ് ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.

Other News in this category



4malayalees Recommends