വ്യാജ കോവിഡ്19 ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്; ബഹ്‌റിനില്‍ ഒരാള്‍ക്ക് ജയില്‍ശിക്ഷ

വ്യാജ കോവിഡ്19 ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്; ബഹ്‌റിനില്‍ ഒരാള്‍ക്ക് ജയില്‍ശിക്ഷ
സുഹൃത്തിന്റെ നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലത്തില്‍ ക്രമക്കേട് നടത്തി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച ബഹ്‌റിന്‍ പൗരന് വിധിച്ച മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ അപ്പീല്‍ കോടതി ഒരു വര്‍ഷമായി ചുരുക്കി.

മധുരപലഹാര വ്യാപാരിയായ പ്രതി മാര്‍ച്ചിലാണ് അനധികൃതമായി സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായത്. കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് ബഹ്‌റിനില്‍ നിന്നും സൗദിയിലേക്ക് തന്റെ ഉത്പന്നങ്ങള്‍ എത്തിക്കാനായിരുന്നു ഇയാള്‍ പോയത്.

ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റിംഗിന് വിധേയമാകണമെന്നാണ് നിയമം. എന്നാല്‍ കൃത്യസമയത്ത് ടെസ്റ്റിംഗ് നടത്താന്‍ കഴിയാതെ വന്നതോടെ താന്‍ മുന്‍പൊരിക്കല്‍ നടത്തിയ നെഗറ്റീവ് ഫലവും, സുഹൃത്ത് അടുത്തിടെ നടത്തിയ ടെസ്റ്റിന്റെ ഫലവും ഒന്നാക്കി ഫോട്ടോകോപ്പിയെടുത്ത് ഒറിജിനലായി കാണിച്ചായിരുന്നു യാത്രക്ക് മുതിര്‍ന്നത്.

എന്നാല്‍ ക്യുആര്‍ കോഡ് പരിശോധനയില്‍ തട്ടിപ്പ് പൊളിഞ്ഞു. അനധികൃത ശ്രമം നടത്തിയെന്ന് സമ്മതിച്ച ഇയാള്‍ക്ക് ലോവര്‍ കോടതി മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ഇതാണ് പിന്നീട് 1 വര്‍ഷമായി ചുരുക്കിയത്.

1986ല്‍ ഉദ്ഘാടനം ചെയ്ത കോസ്‌വേ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊറോണാവൈറസ് പോരാട്ടങ്ങളുടെ ഭാഗമായി അടച്ചിരുന്നു.


Other News in this category



4malayalees Recommends