പ്രധാനമന്ത്രി നുണയനാണ്! ആരുടെ മുന്നില്‍ വേണമെങ്കിലും ആണയിടാമെന്ന് മുന്‍ ഉപദേശകന്‍; ബോറിസിനെതിരെ വിമര്‍ശനവുമായി രണ്ട് മന്ത്രിമാര്‍; വെള്ളമടി പാര്‍ട്ടിക്ക് അനുമതി നല്‍കിയെന്ന വാദം തള്ളി ഡൗണിംഗ് സ്ട്രീറ്റ്

പ്രധാനമന്ത്രി നുണയനാണ്! ആരുടെ മുന്നില്‍ വേണമെങ്കിലും ആണയിടാമെന്ന് മുന്‍ ഉപദേശകന്‍; ബോറിസിനെതിരെ വിമര്‍ശനവുമായി രണ്ട് മന്ത്രിമാര്‍; വെള്ളമടി പാര്‍ട്ടിക്ക് അനുമതി നല്‍കിയെന്ന വാദം തള്ളി ഡൗണിംഗ് സ്ട്രീറ്റ്

ലോക്ക്ഡൗണ്‍ ലംഘിച്ച പാര്‍ട്ടികളുടെ പേരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ സമ്മര്‍ദത്തില്‍. രണ്ട് മന്ത്രിമാര്‍ പാര്‍ട്ടികളുടെ പേരില്‍ ബോറിസിനെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് കുറ്റപ്പെടുത്തുന്ന മുന്‍ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സ് ഇക്കാര്യം സ്ഥിരീകരിക്കാമെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനം.


2020 മെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കവെ നടന്ന പാര്‍ട്ടി നടക്കുന്നതിന് മുന്‍പ് ബോറിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തന്റെ ആശങ്കകള്‍ തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ വെളിപ്പെടുത്തി. കോമണ്‍സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് ഈ വാദം. തന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ തോമസാണ് മദ്യപാന പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് ബോറിസിന്റെ നിലപാട്.

ജോലിയുമായി ബന്ധപ്പെട്ട പരിപാടിയെന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഇതിന് പിന്നാലെ ബോറിസിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ഓപ്പറേഷന്‍ റെഡ് മീറ്റ് എന്ന പേരില്‍ ജനപ്രിയ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ രണ്ട് മന്ത്രിമാര്‍ നേരിട്ട് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുകയാണ്.

വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നാണ് സയന്‍സ് മന്ത്രി ജോര്‍ജ്ജ് ഫ്രീമാന്റെ പ്രതികരണം. തന്റെ മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് മരിക്കാന്‍ കിടക്കുന്ന പ്രിയപ്പെട്ടവരെ ഒരുനോക്ക് പോലും കാണാന്‍ കഴിയാത്ത ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് ഇത്തരം കൂടിച്ചേരലുകളില്‍ ആസ്വദിക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്നും അദ്ദേഹം ചോദിച്ചു.

ഹെല്‍ത്ത് മന്ത്രി മരിയ കോള്‍ഫീല്‍ഡും സമാനമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പാര്‍ട്ടികള്‍ സാങ്കേതികമായി നിയമം തെറ്റിച്ചോ ഇല്ലയോ എന്നതിനേക്കാള്‍ ഇത് നിയമങ്ങളുടെ അന്തസത്തയെ കെടുത്തിയെന്ന് കോള്‍ഫീല്‍ഡ് വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഗ്രേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends