അഫ്ഗാനിസ്ഥാനില്‍ അബദ്ധത്തില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തുപേര്‍ മരിച്ച സംഭവം ; വീഡിയോ പുറത്ത്

അഫ്ഗാനിസ്ഥാനില്‍ അബദ്ധത്തില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തുപേര്‍ മരിച്ച സംഭവം ; വീഡിയോ പുറത്ത്
യു.എസ് സൈന്യം ആളുമാറി നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ പുറത്ത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ വീഡിയോ, വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്ത് വിട്ടത്.

2021 ആഗസ്റ്റ് മാസം 29നാണ് സംഭവം നടന്നത്. കാബൂളിനു മുകളില്‍ പറന്നു നടന്നിരുന്ന രണ്ട് ഡ്രോണുകള്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നു കരുതി നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യം, കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്നു യു.എസ് അവകാശപ്പെട്ടെങ്കിലും, പിന്നീട് നടന്ന അന്വേഷണത്തില്‍ സത്യം തെളിഞ്ഞു.

സ്‌ഫോടക വസ്തുക്കള്‍ കൈമാറാനെത്തിയ ആളുകളെന്ന് ധരിച്ച് എം.ക്യു 9 റീപ്പര്‍ ഡ്രോണുകള്‍ പിന്തുടര്‍ന്നിരുന്നത് സാധാരണക്കാരായ രണ്ട് അഫ്ഗാനികളെയായിരുന്നു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഡ്രോണുകള്‍ മിസൈലയച്ച് ഇവരെ വധിക്കുന്നത് കൃത്യമായി കാണിക്കുന്നുണ്ട്. സമീപത്തു തന്നെ ഒന്നിലധികം കുട്ടികളെയും ദൃശ്യത്തില്‍ കാണാന്‍ സാധിക്കും.

യുഎസ് സൈന്യം നിരീക്ഷിച്ചിരുന്ന സെമാരി അഹമ്മദിയെന്ന യുവാവിനെ വധിക്കാന്‍ നടത്തിയ ആക്രമണത്തില്‍, സമീപത്തുള്ള കെട്ടിടങ്ങളും തകര്‍ന്നുവീണു. ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട വീഡിയോ അമേരിക്കയില്‍ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Other News in this category4malayalees Recommends