വ്യക്തമായി രാഷ്ട്രീയം പറഞ്ഞ ആഷിഖ് അബുവിന് പോലും വൈറസില്‍ നിന്നും സേവാഭാരതിയെ ഒഴിച്ച് നിര്‍ത്താനായിട്ടില്ല: വിഷ്ണു മോഹന്‍

വ്യക്തമായി രാഷ്ട്രീയം പറഞ്ഞ ആഷിഖ് അബുവിന് പോലും വൈറസില്‍ നിന്നും സേവാഭാരതിയെ ഒഴിച്ച് നിര്‍ത്താനായിട്ടില്ല: വിഷ്ണു മോഹന്‍
ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും വിവാദങ്ങളോടും മറുപടി പറഞ്ഞ് സംവിധായകന്‍ വിഷ്ണു മോഹന്‍. യാതൊരുവിധ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രമല്ല മേപ്പടിയാന്‍ എന്ന് സംവിധായകന്‍ പറയുന്നു. ശബരിമലയും ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇന്ദ്രന്‍സിനും ഒക്കെ ലോജിക്കലായ ഉത്തരങ്ങളുണ്ട്. വിവാദങ്ങള്‍ അനാവശ്യമാണെന്നും സംവിധായകന്‍ പറയുന്നു.

മേപ്പടിയാനില്‍ മതമോ ജാതിയോ ഒന്നും ചര്‍ച്ചയാകുന്നില്ല എന്നാണ് സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നത്. ചിത്രം ഇറങ്ങി കഴിഞ്ഞപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. വളരെ ചെറിയൊരു വിഭാഗമാണ് നമ്മള്‍ ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ നിന്ന് കണ്ടെത്തി വിവാദമാക്കിയത്. അവരെല്ലാം സിനിമ കാണാത്തവരാണ്.

ഇതിനകത്തെ നായകന്‍ ഹിന്ദുവും വില്ലന്‍ മുസ്ലിമുമാണ് എന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രമാണ് ഇവര്‍ പറയുന്ന ഈ വില്ലന്‍. പക്ഷേ സത്യത്തില്‍ സിനിമയിലെ സാഹചര്യങ്ങളാണ് വില്ലന്‍. ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രം വില്ലനല്ല, കുശാഗ്രബുദ്ധിക്കാരനായ ഒരു ബിസിനസുകാരനാണ്.

ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രത്തേക്കാളേറെ ജയകൃഷ്ണനെ ദ്രോഹിക്കുന്നത് ഷാജോണ്‍ ചേട്ടന്റെ കഥാപാത്രമാണ്, അതിനെ കുറിച്ച് ആരും പറയുന്നില്ല. രണ്ടാമത്തെ ആരോപണം ശബരിമല റഫറന്‍സ് ആണ്. ഈ സിനിമയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ശബരിമലയുമായി ബന്ധപ്പെട്ടതാണ്, ശബരി റെയിലാണ് ചിത്രത്തിലെ പ്രധാന വിഷയം.

ശബരി റെയിലിനെ കുറിച്ച് പറയുമ്പോള്‍ ശബരിമലയെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെയാണ്. ശബരിമല വണ്ടികള്‍ കാണിച്ചെന്നാണ് മറ്റൊരു പ്രശ്‌നം. സിനിമ നടക്കുന്നത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലാണ്, എരുമേലിശബരിമല റൂട്ട് ആണിത്. സിനിമ നടക്കുന്നത് വൃശ്ചിക മാസത്തിലും. ഓരോ മിനിട്ട് ഇടവിട്ട് ശബരിമല വണ്ടികള്‍ പോകുന്ന സ്ഥലവും സമയവുമാണ്.

അത് വ്യക്തമാക്കാന്‍ തന്നെയാണ് അത്തരം റഫറന്‍സുകള്‍ കൊണ്ടുവന്നിട്ടുള്ളത്. എല്ലാത്തിനും ലോജിക്കലായ ഉത്തരങ്ങളുണ്ട്. എന്ത് കാര്യത്തിനാണ് ഇത്തരം അനാവശ്യ വിവാദങ്ങള്‍. സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതാണ് മറ്റൊരു പ്രശ്‌നം. പത്ത് പതിമൂന്ന് ദിവസം സൗജന്യമായി ആംബുലന്‍സ് വിട്ടു തന്നത് അവരാണ്.

കോവിഡ് സമയമായത് കൊണ്ട് ആംബുലന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു, ഉള്ളതിനാണെങ്കില്‍ ദിവസ വാടക പന്ത്രണ്ടായിരവും അതിലും കൂടുതലും. അവിടെയാണ് സൗജന്യമായി സേവാഭാരതി ആംബുലന്‍സ് വിട്ടു തരുന്നത്. നമ്മളെ സംബന്ധിച്ച് പൈസ കുറയ്ക്കാനുള്ള വഴി ഉണ്ടെങ്കില്‍ അതല്ലേ തിരഞ്ഞെടുക്കൂ.

ടൗണിലേക്ക് ഇറങ്ങി നിന്ന് കഴിഞ്ഞാല്‍ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് സേവാഭാരതി ആംബുലന്‍സ് എങ്കിലും നമുക്ക് കാണാന്‍ സാധിക്കും. ഏകദേശം അഞ്ഞൂറിലേറെ ആംബുലന്‍സ് അവര്‍ക്ക് കേരളത്തിലുണ്ട്. ഇവിടെ എല്ലാ കാര്യത്തിലും വളരെ കാര്യമായി ഇടപെടുന്ന സന്നദ്ധ സംഘനടയാണ് അവര്‍. അതുകൊണ്ട് തന്നെ അവരെ മാറ്റി നിര്‍ത്തേണ്ട ആവശ്യം എന്താണ്.

ഇതിന് മുമ്പ് വൈറസ് എന്ന ചിത്രത്തിലും സേവാഭാരതിയെ പരാമര്‍ശിച്ചത് വിഷയമായിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് സംവിധായകന്‍ ആഷിഖ് അബു. അദ്ദേഹത്തിന് പോലും അത് ഒഴിച്ച് നിര്‍ത്താനായില്ല. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഫെയ്ക്ക് ഐഡികളാണ് ആദ്യം ഈ വിവാദങ്ങള്‍ തുടങ്ങി വച്ചത്.

കൂടാതെ സോഷ്യല്‍ മീഡിയയില്‍ മാനസിക രോഗികളെ പോലെ പെരുമാറുന്ന ചില യൂട്യൂബേഴ്‌സും. വളരെ ചുരുക്കം വിഭാഗമാണിത്. അവര്‍ മാത്രമാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

Other News in this category4malayalees Recommends