പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ വീടു വിറ്റു ; ബസ് സ്റ്റോപ്പില്‍ ഉറങ്ങി പിതാവ് ; 61 കാരന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു

പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ വീടു വിറ്റു ; ബസ് സ്റ്റോപ്പില്‍ ഉറങ്ങി പിതാവ് ; 61 കാരന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു
വിവാഹത്തിലെ സ്ത്രീധനം ഒഴിവാക്കേണ്ട ആവശ്യകത എല്ലാവര്‍ക്കുമറിയാം. എന്നാലും ഈ സമ്പ്രദായം തുടരുകയാണ്. ഇപ്പോഴിതാ

വൃദ്ധന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. തമിഴ്‌നാട് തെങ്കാശിയിലെ ആനയപ്പപുരം ഗ്രാമത്തിലെ മാടസ്വാമി എന്ന 61കാരനായ നാടോടി ഗായകനാണ് തെരുവില്‍ അന്തിയുറങ്ങേണ്ട ദുര്‍വിധി ഉണ്ടായിരിക്കുന്നത്.

പെണ്‍മക്കളുടെ വിവാഹത്തോടെയാണ് മാടസ്വാമി കടക്കെണിയിലായത്. അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന രണ്ട് പെണ്‍മക്കളുടെ വിവാഹമാണ് സ്വന്തം വീടുപോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. അവരെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ വലിയ കടബാധ്യതകളായി. ഒടുവില്‍ ബാധ്യതകള്‍ തീര്‍ക്കാനായി കഷ്ടപ്പെട്ട് സമ്പാദിച്ച വീട് വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഗ്രാമത്തിലെ ബസ് സ്റ്റോപ്പാണ് അദ്ദേഹത്തിന്റെ ഏകാശ്രയം. കിടപ്പും, വിശ്രമവും ഭക്ഷണം കഴിക്കലുമെല്ലാം ബസ് ഷെല്‍ട്ടറില്‍ തന്നെ.

മാടസാമിയുടെ ഭാര്യ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ പെണ്‍മക്കളെ ദൂരെയുള്ള ഗ്രാമങ്ങളിലേക്കാണ് വിവാഹം ചെയ്തയച്ചിരിക്കുന്നത്. അച്ഛന്റെ ദുരിതം നേരിട്ടറിഞ്ഞിട്ടും തങ്ങള്‍ കാരണമാണ് അച്ഛനെല്ലാം നഷ്ടപ്പെട്ടതെന്ന് മനസിലായിട്ടും രണ്ടു പെണ്‍മക്കളും മാടസ്വാമിയെ തിരിഞ്ഞുനോക്കിയിട്ടില്ല.

ഗ്രാമത്തിലെ ജനപ്രിയ നാടോടി ഗായകനായിരുന്നു മാടസ്വാമി. വിവാഹസമയത്തും മറ്റ് ചടങ്ങുകളിലും അദ്ദേഹത്തെ ആളുകള്‍ പരിപാടി അവതരിപ്പിക്കാന്‍ വിളിക്കുമായിരുന്നു. 'ഇങ്ങനെയൊരു ദുര്‍വിധിയുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷത്തോടെയാണ് ജീവിച്ചത്. എന്റെ ഗ്രാമത്തില്‍ ഞാന്‍ ജനപ്രിയനായിരുന്നു. ഭാര്യയുടെ മരണശേഷം ഞാന്‍ ആകെ തളര്‍ന്നു. കുറച്ച് വസ്ത്രങ്ങളും ഒരു ടിഫിന്‍ ബോക്‌സും വെള്ളക്കുപ്പികളും മാത്രമാണ് ഇപ്പോള്‍ കൈയിലുള്ള ആകെ സമ്പാദ്യം. കാര്യങ്ങള്‍ വളരെ കഷ്ടമാണ്, ആരും എന്നെ സഹായിക്കുന്നില്ല' മാടസ്വാമി പറയുന്നു.

പകല്‍ സമയത്ത് മാടസ്വാമി സമീപത്തെ തോട്ടങ്ങളില്‍ പണിയ്ക്ക് പോകുന്നുണ്ട്. എന്നാല്‍ ചില ദിവസങ്ങളില്‍ പണി ഒന്നും കിട്ടില്ല. അന്ന് ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും നടന്ന് ഭിക്ഷ യാചിക്കേണ്ട അവസ്ഥയാണ്. വീട്ടുവിലാസമില്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല എന്നതുകൊണ്ട് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുന്നില്ല.



Other News in this category



4malayalees Recommends