പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. പൂഞ്ചില്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണം തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ സ്റ്റണ്ടെന്ന് ആരോപിച്ച ചരണ്‍ജിത്ത് ചന്നി, ഇത് ത്രീവവാദി ആക്രമണമല്ലെന്നും തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ബിജെപി ചെയ്യുന്നതും വാദിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണത്തെ ചൂണ്ടി കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍ അധികം വൈകാതെ ചരണ്‍ജിത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ അവരുടെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു ബിജെപി നേതാവിന്റെ മറുപടി. ഈ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനുനേരേ ആക്രമണം നടക്കുന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends