സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായത് അങ്ങാടിപ്പാട്ടാണ്; വിമര്‍ശിച്ച് വി ഡി സതീശന്‍

സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായത് അങ്ങാടിപ്പാട്ടാണ്; വിമര്‍ശിച്ച് വി ഡി സതീശന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ആരുടെ സമ്മര്‍ദ്ദം മൂലമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് മീതെ എങ്ങനെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി വന്നത്. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ച സിപിഎം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുകയാണെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനായ ജോ ജോസഫാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. താന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയല്ല. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നുമാണ് ജോ ജോസഫ് പ്രതികരിച്ചത്.

മെയ് 31നാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തിയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Other News in this category



4malayalees Recommends