'ബീഹാറില്‍' ഹനുമാന്‍ കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി

'ബീഹാറില്‍' ഹനുമാന്‍ കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി
ബജ്‌റംഗബലി കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി. ബീഹാറിലെ ഖഗഡിയ ലോക്‌സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ഹനുമാന്‍ പ്രത്യക്ഷപ്പെട്ടത്. ഹനുമത് ജയന്തി ദിനത്തിലിറങ്ങിയ പോസ്റ്ററില്‍ പാര്‍ട്ടിയുടെ ചുവപ്പ് നിറത്തേക്കാള്‍ കൂടുതലുള്ളതും കാവി നിറമാണ്. ഭക്ത ജനങ്ങളുടെയും വിശ്വാസികളുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന അടവ് നയമാണ് പാര്‍ട്ടി സംസ്ഥാനത്ത് സ്വീകരിക്കുന്നത്. ചിഹ്നം നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടത്തില്‍ സിപിഐഎം ഇവിടെ അടവുനയങ്ങളെല്ലാം പുറത്തെടുക്കുന്നുണ്ട്.

ശക്തമായ ജാതി സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഖഗഡിയ. പ്രദേശത്തെ ഭൂരിപക്ഷ ജാതിയായ ഖുശ്വാഹ സമുദായക്കാരനായ പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിനെയാണ് പാര്‍ട്ടി ഇവിടെ മത്സരിപ്പിക്കുന്നത്. ജാതിയുടെ മുന്‍ തൂക്കം വോട്ടാക്കി മാറ്റാന്‍ സ്ഥാനാര്‍ത്ഥിയുടെ പേര് സമൂഹമാധ്യമങ്ങളിലും പോസ്റ്ററുകളിലും സഞ്ജയ് കുമാര്‍ ഖുശ്വാഹ എന്നു ജാതിവാലിട്ട് എഴുതിയിട്ടുമുണ്ട്. ബിഹാറില്‍ ഇന്‍ഡ്യാ സഖ്യം സിപിഐഎമ്മിന് അനുവദിച്ച ഏക സീറ്റായ ഖഗഡിയയില്‍ ക്യാമ്പ് ചെയ്ത് തന്നെ പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തെ ഇടത് നേതാക്കള്‍. ഇരുപതു വര്‍ഷത്തിനു ശേഷം ബിഹാറില്‍ നിന്നൊരു സിപിഐഎം അംഗത്തെ ലോക്‌സഭയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും.

ഖഗഡിയ മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളെല്ലാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാണെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ അവധേഷ് കുമാറിന്റെ അവകാശ വാദം. സഖ്യത്തില്‍ കൂടെയുള്ള ആര്‍ജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും ഖഗഡിയയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയായ രാജേഷ് വര്‍മയാണ് ഇവിടെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി.

Other News in this category



4malayalees Recommends