ഡ്രൈവറില്ലാ ബസുകളും, കാറുകളും യുകെയിലെ നിരത്തുകളിലേക്ക്; 2025-ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിമാര്‍; സാങ്കേതികവിദ്യ നടപ്പാക്കാന്‍ 40 മില്ല്യണ്‍ പൗണ്ട് ഗ്രാന്റ് പ്രഖ്യാപിച്ചു; 38,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

ഡ്രൈവറില്ലാ ബസുകളും, കാറുകളും യുകെയിലെ നിരത്തുകളിലേക്ക്; 2025-ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിമാര്‍; സാങ്കേതികവിദ്യ നടപ്പാക്കാന്‍ 40 മില്ല്യണ്‍ പൗണ്ട് ഗ്രാന്റ് പ്രഖ്യാപിച്ചു; 38,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

നിങ്ങളൊരു ബസില്‍ കയറുമ്പോള്‍ അത് സഞ്ചരിക്കുന്നത് ഡ്രൈവറില്ലാതെയാണെന്ന് കണ്ടാല്‍ ഭയപ്പെടുമോ? ഭയപ്പെടും എന്നാണ് ഉത്തരമെങ്കില്‍ 2025 ആകുമ്പോഴേക്കും നിങ്ങള്‍ ഭയന്ന് വിറയ്ക്കുമെന്നതാണ് അവസ്ഥ. 2025ഓടെ ബ്രിട്ടീഷ് റോഡുകളില്‍ സ്വയം ഡ്രൈവ് ചെയ്യുന്ന ബസുകളും, വാനുകളും അനുവദിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.


സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാന്‍ 40 മില്ല്യണ്‍ പൗണ്ടാണ് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടും, ഡെലിവെറി സര്‍വ്വീസുകളും വിപ്ലവകരമായ രീതിയില്‍ മാറ്റിമറിക്കാമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. സുരക്ഷിതമായും, ഉത്തരവാദിത്വത്തോടെയും ഡ്രൈവര്‍രഹിത റോഡ് ഗതാഗതത്തിന് വഴിതുറക്കാനായി നിയമനടപടികള്‍ തയ്യാറാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബില്‍ രാജ്ഞിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു.

പുതിയ ഗ്രാന്റുകളുടെ സഹായത്തോടെ സെല്‍ഫ് ഡ്രൈവ് ചെയ്യുന്ന ബസുകളും, ഡെലിവെറി വാനുകളും, ഷട്ടിലുകളും, പോഡുകളും 2025ല്‍ യുകെയിലെ റോഡില്‍ ഇറങ്ങുമെന്ന് ബിസിനസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍, സുരക്ഷിതമായ, പ്രകൃതിസൗഹൃദപരമായ യാത്രകളാണ് ഇതോടെ കൈവരികയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതിന് പുറമെ സമ്പദ് വ്യവസ്ഥയ്ക്ക് 42 ബില്ല്യണ്‍ പൗണ്ടിന്റെ ഉത്തേജനവും ഇത് നല്‍കുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. കൂടാതെ 2035-ഓടെ 38,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള പിശകുകളാണ് പത്തില്‍ ഒന്‍പത് അപകടങ്ങള്‍ക്കും കാരണമാകുന്നത്. റോബോട്ട് വാഹനങ്ങള്‍ ഓടിക്കുന്നതോടെ 2030നകം 3900 ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
Other News in this category



4malayalees Recommends