നടുറോഡില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

നടുറോഡില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍
തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമ യുവതിയെ മര്‍ദ്ദിച്ചത്. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭനയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കടയ്ക്ക് മുന്നില്‍ ഇരുന്നതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും അത് മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയ ശോഭനയെ മകളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിച്ചത്. മകള്‍ നിലവിളിച്ചിട്ടും അടി നിര്‍ത്തിയില്ല. ചെരിപ്പുകൊണ്ടും അടിച്ചു. ഉടമയോടൊപ്പം എത്തിയ യുവാവ് ദൃശ്യം പകര്‍ത്തിയ ആളെ കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. ശോഭന നല്‍കിയ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ശോഭന തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നു. തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉടമ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ മര്‍ദ്ദിച്ചതെന്നും ബ്യൂട്ടിപാര്‍ലര്‍ ഉടമ കഴിഞ്ഞ ദിവസം പറഞ്ഞു.

Other News in this category



4malayalees Recommends