തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയിലായിരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിക്കും. കാക്കനാട് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഇത് പാലാരിവട്ടത്ത് അവസാനിക്കും.ഉച്ചയ്ക്ക് യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും.

ബി.ജെ.പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങും. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും. അതേസമയം എ.എന്‍ രാധാകൃഷ്ണനായി പി.സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തും.

പരസ്യപ്രചാരണം അവസാനത്തോടടുക്കുമ്പോഴും ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ വിവാദം തന്നെയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വീഡിയോ വിവാദത്തില്‍ അറസ്റ്റിലായ രണ്ട് പേര്‍ സിപിഎമ്മുകാരാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ കാമറ വെച്ച ചരിത്രമുള്ള നേതാക്കളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends