തെരുവുനായ്ക്കളെ കൊല്ലാന്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് കുടുംബാംഗം മരിച്ചു ; മൂന്നു പേര്‍ അറസ്റ്റില്‍

തെരുവുനായ്ക്കളെ കൊല്ലാന്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് കുടുംബാംഗം മരിച്ചു ; മൂന്നു പേര്‍ അറസ്റ്റില്‍

തെരുവുനായ്ക്കളെ കൊല്ലാന്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് മരിച്ചത് കുടുംബാംഗം. കുറുവട്ടൂര്‍ ഇടുപടിക്കല്‍ 54കാരനായ സഹജന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തില്‍ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു.


വീട്ടുവളപ്പില്‍നിന്നു ഷോക്കേറ്റ സഹജനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഹജനെ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസിച്ചിരുന്നത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലായിരുന്നു. ഇത് കണ്ട് വീട്ടുവളപ്പില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാര്‍ കെണി ഒരുക്കുകയായിരുന്നു.

ഇതില്‍ നിന്നും സഹജന് ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം.ബിനീഷ് പറഞ്ഞു. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മിനിയാണ് സഹജന്റെ ഭാര്യ. മകന്‍: വിഷ്ണു. മകള്‍: ദിവ്യ. മരുമകന്‍: സുരേഷ്.

Other News in this category



4malayalees Recommends