താടി 24 വര്‍ഷമായുണ്ട്, ഇനിയും മുഖത്തുണ്ടാകും'; ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാമൂഹിക അന്തരീക്ഷം മാറിയതിനാലെന്ന് അഷ്‌റഫ്

താടി 24 വര്‍ഷമായുണ്ട്, ഇനിയും മുഖത്തുണ്ടാകും'; ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാമൂഹിക അന്തരീക്ഷം മാറിയതിനാലെന്ന് അഷ്‌റഫ്

മൂവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫിന്റെ നീട്ടി വളര്‍ത്തിയ താടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ചിത്രം വൈറലായതോടെ ചൂടേറിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് സംഭവം വഴിവെച്ചത്. 'താലിബാന്‍ താടിവെച്ച കേരള പൊലീസ്' എന്ന ക്യാപ്ഷനോടെ സംഘപരിവാര്‍ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ താന്‍ താടി വെക്കുന്നതില്‍ നിയമപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഒരു കാരണവശാലും താടി വടിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഷ്‌റഫ്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാമൂഹിക അന്തരീക്ഷം മാറിയതിനാലാകാമെന്നും അഷ്‌റഫ് പ്രതികരിച്ചു.

അഷ്‌റഫിന്റെ വാക്കുകള്‍

'താടി വെയ്ക്കുന്നതിന് സര്‍ക്കാര്‍ വിലക്കോ നിയമപരമായി എന്തെങ്കിലും പ്രശ്‌നങ്ങളോ ഇല്ല. ഒരു കാരണവശാലും താടി വടിക്കില്ല. അതെന്റെ ആദര്‍ശവുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിക് ഐഡന്റിറ്റി ജോലിക്ക് തടസമല്ല. ഒരു പ്രശ്‌നവുമില്ല. യൂണിഫോം കോഡിലൊന്നും താടിയേക്കുറിച്ച് പ്രതിപാദിക്കുന്നില്ല, വിയോജിക്കുന്നുമില്ല. അതുകൊണ്ട് തന്നെ അനുവദനീയമാണ്. ഈ താടി ഞാന്‍ 1998ല്‍ സര്‍വ്വീസില്‍ കയറിയ കാലം തൊട്ടേ ഉള്ളതാണ്.

താടി വൃത്തികേടാണെന്നും താടി വെച്ച് പരിശോധന നടത്താന്‍ യോഗ്യതയില്ലെന്നും പറയുന്നതിന് മറുപടി കൊടുക്കാനില്ല. ഞാന്‍ എന്റെ വഴിക്ക് മുന്നോട്ടുപോകും. ചിലര്‍ക്ക് ഇഷ്ടപ്പെടും, ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. താലിബാന്‍ പൊലീസ് എന്നെല്ലാം വിളിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വന്ന പോസ്റ്റുകളോട് പ്രതികരിക്കാനില്ല. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരിമിതികളുണ്ട്. ഞാന്‍ എന്റെ ജോലി ചെയ്യും. സര്‍വ്വീസില്‍ കയറിയിട്ട് 24 വര്‍ഷമായി. താടി അതിന് മുന്നേ ഉണ്ട്. ഇത്രനാളായിട്ടും ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍. എത്രയോ നാളുകളായി പരിശോധനകള്‍ നടത്തുന്നു. ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷം അങ്ങനെയായിരിക്കാം. അതുകൊണ്ടാകും അങ്ങനെ ചിത്രീകരിക്കുന്നത്. മുന്‍പൊരിക്കലും ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

സര്‍വ്വീസില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ. പക്ഷെ, അതില്ല. ഇത്തരം അധിക്ഷേപങ്ങളില്‍ എനിക്ക് വിഷമമില്ല. സമൂഹത്തില്‍ ഇതൊക്കെയുണ്ടാകും. നമ്മളും സമൂഹത്തിന്റെ ഭാഗമാണല്ലോ. മതപരമായ ഐഡന്റിറ്റിയേക്കൂടിയാണ് ചോദ്യം ചെയ്യുന്നത് എന്നത് ശരിയാണ്. പ്രവാചകന്റെ ചര്യ പിന്‍പറ്റുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്. വിമര്‍ശനങ്ങളുടേയും പരിഹാസങ്ങളുടേയും പേരില്‍ വിശ്വാസം മാറ്റിവെയ്ക്കാന്‍ കഴിയില്ല. മൂവാറ്റുപുഴ നഗരസഭയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രാഷ്ട്രീയമാണ്. യുഡിഎഫ്എല്‍ഡിഎഫ് വാഗ്വാദങ്ങള്‍ക്കിടെ പൊലിപ്പിക്കാന്‍ വേണ്ടി ഈ വിഷയം എടുത്തിട്ടതാണ്. ഞാനുമായി ബന്ധമില്ലാത്ത കാര്യമാണ്. അജണ്ടകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചര്‍ച്ച മുറുകാനായി ഒരു കൗണ്‍സിലര്‍ ഈ വിഷയമെടുത്തിട്ടു. അതോടെ തര്‍ക്കമായി. എന്നെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്ന് സിപിഐഎം കൗണ്‍സിലര്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഭരണപക്ഷവും പറഞ്ഞു. എന്നെ വിളിച്ചു വരുത്തണമെന്ന് ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിപിഐഎം കൗണ്‍സിലറോട് ചോദിക്കണം. എന്നേക്കുറിച്ചുള്ള ട്രോളുകളും പരിഹാസങ്ങളും നഗരസഭയ്ക്ക് അപമാനമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞതായി വാര്‍ത്തയില്‍ കണ്ട അറിവേയുള്ളു. അതിന്റെ നിജസ്ഥിതി അറിയില്ല. സാമൂഹികാന്തരീക്ഷം മാറുന്നതില്‍ ഭയമില്ല. പരലോക ജീവിതത്തെ മുന്നില്‍ കണ്ട് ജീവിക്കുന്നയാളാണ് ഞാന്‍. ഭയപ്പെടേണ്ടത് ഈശ്വരനെ മാത്രമാണ്. താടിയുമായി സര്‍വ്വീസില്‍ തുടരും. ഉദ്യോഗസ്ഥനെന്ന നിലയില്‍ ജോലിക്ക് തടസമുണ്ടാകില്ല'.


Other News in this category



4malayalees Recommends