ഹാരി രാജകുമാരന്റെ സത്യവിവരണങ്ങള് ബ്രിട്ടനെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. രാജകീയ ഭക്തര്‍ക്ക് ഈ പ്രസ്താവനകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. താന്‍ ഇതുവരെ പറഞ്ഞിട്ടുള്ളതെല്ലാം കാല്‍ശതമാനം കാര്യങ്ങള്‍ മാത്രമാണെന്ന് ഹാരി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഘട്ടത്തിലും മകനെ തിരിച്ച് ചൊറിയാന്‍ ചാള്‍സ് രാജാവ് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇതിന് പിന്നിലൊരു രഹസ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ക്ലാരെന്‍സ് ഹൗസില്‍ ചാള്‍സും, കാമില്ലയും സുഹൃത്തുക്കള്‍ക്കായി അടുത്തിടെ സ്വകാര്യ ഡിന്നര്‍ സംഘടിപ്പിച്ചപ്പോഴും ഹാരിയെ ചോദ്യം ചെയ്യാനുള്ള രാജാവിന്റെ മടി കണ്ട് ചിലര്‍ ഞെട്ടിയെന്നാണ് കേള്‍വി. താന്‍ മകനോട് ഏറ്റുമുട്ടാനില്ലെന്ന് ചാള്‍സ് അതിഥികളോട് വ്യക്തമാക്കുകയും ചെയ്തു.
എന്നുമാത്രമല്ല ഹാരിയുടെ അക്രമങ്ങള്‍ അവഗണിച്ച് ഇളയ മകനുമായി ഒത്തുതീര്‍പ്പിലെത്താന്‍ രാജാവ് സന്നദ്ധനാണെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജഭക്തരെ ഞെട്ടിപ്പിക്കുകയും, അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ നിയന്ത്രണം നഷ്ടമാകുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലെ അധികാരികളുടെ ഭയം.
തന്റെ പുസ്തകമായ സ്പെയറിന്റെ കരട് രൂപത്തില്‍ നിന്നും 400 പേജ് വെളിപ്പെടുത്തലുകള്‍ ഉപേക്ഷിച്ചാണ് പുസ്തകം പുറത്തിറക്കിയതെന്ന് ഹാരി വ്യക്തമാക്കിയിട്ടുണ്ട്. ഡയാനയുമായുള്ള വിവാഹത്തിലെ പുറംതോട് മാത്രമാണ് മകന് സ്പര്‍ശിച്ചിട്ടുള്ളതെന്ന് രാജാവിനെ പോലെ മറ്റാര്‍ക്കും അറിവുണ്ടാകില്ല.
സ്വന്തം മാതാപിതാക്കളുമായുള്ള പ്രശ്നങ്ങള്‍, കാമില്ലയുമായുള്ള ബന്ധം എന്നിങ്ങനെ പല വിഷയങ്ങളും ബാക്കിനില്‍ക്കുന്നതിനാല്‍ രാജാവ് മകനെ ഭയപ്പെടേണ്ട സാഹചര്യമാണുള്ളത്. ഡയാനയുടെ മരണശേഷം മക്കളെ അവരുടെ വഴിക്ക് വിട്ട് സ്വന്തം കാര്യം നോക്കിപ്പോയതിന്റെ ദുഃഖവും ചാള്‍സിനെ അലട്ടുന്നുണ്ടാകാമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ചാള്‍സ് ഒത്തുതീര്‍പ്പിന് തയ്യാറാകുന്നതും.