ചിലവ് ചുരുക്കല്‍ ; എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ ; നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

ചിലവ് ചുരുക്കല്‍ ; എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ ; നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി
കനേഡിയന്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ സേവനങ്ങളും വെട്ടികുറച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞവര്‍ഷം ഇന്ത്യ മടക്കി അയച്ചിരുന്നു.

പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 100ല്‍ താഴെയാണെന്നാണ് സൂചന. ജീവനക്കാരുടെ കുറവ് സ്ഥിരീകരിച്ചുകൊണ്ട് ഹൈക്കമ്മീഷനിലെ മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനും കാനഡയുടെ തീരുമാനത്തിന്റെ ഖേദം പ്രകടിപ്പിച്ചു. ജീവനക്കാര്‍ അര്‍പ്പിച്ച സഹിഷ്ണുതയ്ക്കും അര്‍പ്പണബോധത്തിനും സേവനത്തിനും ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കാനഡയുടെ ഇന്ത്യയിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടായിട്ടും നിയന്ത്രണം വച്ചുകൊണ്ട് ഇന്ത്യന്‍ പൗരന്മാരെ സ്വാഗതം ചെയ്യുന്നത് കാനഡ തുടര്‍ന്നിരുന്നു. കാനഡയില്‍ വച്ച് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തില്‍ നിന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിള്ളല്‍ ഉടലെടുത്തത്. ഇതിന് മറുപടിയായി കനേഡിയന്‍ നയതന്ത്രജ്ഞര്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends