സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു
സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതോടെ ഗള്‍ഫില്‍ മത്സരം മുറുകും. സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലുള്ള സൗദിയില്‍ കൂടുതല്‍ കമ്പനികള്‍ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷ. 2024 ജനുവരി മുതല്‍ സൗദിയില്‍ പ്രാദേശിക ഓഫീസുകളുള്ള കമ്പനികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കാനാകൂ.
ഗള്‍ഫിലെ ഏറ്റവും വലിയ കമ്പോളമാണ് എണ്ണ സമ്പന്നമായ സൗദി അറേബ്യ. സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലാണ് രാജ്യം. വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക നികുതി ഇളവ് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ സൗദിയുടെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ വിഭാഗമായ ഇന്‍വെസ്റ്റ് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗൂഗ്ള്‍ ക്ലൗഡ്, ആലിബാബ, വെസ്റ്റേണ്‍ യൂനിയന്‍ തുടങ്ങിയ ആഗോള കമ്പനികള്‍ അടുത്തിടെയായി സൗദിയില്‍ നിക്ഷേപമിറക്കുകയും ചെയ്തു. കൂടാതെ പെപ്‌സികോ, ടിം ഹോര്‍ട്ടന്‍ തുടങ്ങിയ 24 വന്‍ കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നതിന് അധികൃതരുമായി കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പുതിയ നിയമം പ്രഖ്യാപിച്ചത്.
2024 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് നിയമം.