പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കൊവിഡ്19 പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. സാമൂഹിക, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക, ശാസ്ത്രീയ, വിനോദ, കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. ആഗസ്റ്റ് 1 മുതലാണ് നയം നടപ്പാക്കുകയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാനും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കും. ബിസിനസ്സ്, ഓഡിറ്റ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ എന്ത് കാര്യത്തിന് വന്നാലും വാക്‌സിന്‍ വിവരം അനിവാര്യമായി മാറുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ ശ്രോതസ്സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പുറമെ, ക്ലാസിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ പുനരാരംഭിക്കുന്ന വിഷയത്തിലും തീരുമാനം ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏതെല്ലാം വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കാര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
മൊബൈല്‍ ആപ്ലിക്കേഷനായ 'തവാക്കാല്‍നാ' ഉപയോഗിച്ചാകും പൗരന്‍മാരുടെയും, മറ്റുള്ളവരുടെയും വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കുക.