സൗദി അറേബ്യ അനുവദിച്ചിട്ടുള്ള ഇഖാമകളുടെയും, വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. മറ്റ് ഫീസുകള്‍ ഇല്ലാതെ സൗജന്യമായാണ് വിസകളുടെ കാലാവധി നീട്ടിയതെന്നാണ് സൂചന.
ഇഖാമകള്‍, എക്‌സിറ്റ്, റിഎന്‍ട്രി വിസകള്‍, വിദേശികളുടെ വിസിറ്റ് വിസകള്‍ എന്നിവയുടെ കാലാവധി നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ധനകാര്യ മന്ത്രി ഈ നിര്‍ദ്ദേശം അംഗീകരിച്ചത്.
പൗരന്‍മാരുടെയും, മറ്റ് താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവര്‍ക്ക് സംഭവിക്കാന്‍ ഇടയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും കുറയ്ക്കാനാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.
സൗദി അറേബ്യക്ക് പുറത്തുള്ള, കൊവിഡ്19 മഹാമാരി മൂലം യാത്ര വിലക്കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ കാലാവധി ദീര്‍ഘിപ്പിക്കല്‍ ബാധകമാകും. നാഷണല്‍ ഇന്‍ഫൊര്‍മേഷന്‍ സെന്ററുമായി ചേര്‍ന്ന് ഓട്ടോമാറ്റിക്കായി ഈ നടപടികള്‍ കൈക്കൊള്ളുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് പ്രഖ്യാപിച്ച വിലക്ക് മെയ് 17ന് നീക്കിയിരുന്നു. അതേസമയം ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് സുരക്ഷ പരിഗണിച്ച് അനുമതിയില്ലാതെ യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്.