ഈ വര്‍ഷത്തെ ഹജ്ജിനുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും
ഈ വര്‍ഷത്തെ ഹജ്ജിന് പങ്കെടുക്കാനുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. സൗദിക്കകത്തെ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേര്‍ക്കാണ് അവസരം. ഇതിനകം അഞ്ച് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാകും ഹാജിമാരെ തെരഞ്ഞെടുക്കുക. ഹജ്ജിന് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. അപേക്ഷകരില്‍ 41 ശതമാനം പേരും സ്ത്രീകളാണ്. നാളെ രാത്രി പത്ത് വരെയാണ് റജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
കോവിഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്ത 50നും 60നും ഇടയിലുള്ളവര്‍ക്കാണ് മുന്‍ഗണന. ഇതിന് ശേഷമാകും ഒരു ഡോസ് മാത്രം സ്വീകരിച്ചവരെ പരിഗണിക്കുക. തെരഞ്ഞെടുത്തവരെ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സന്ദേശം ഫോണില്‍ ലഭിക്കും. സന്ദേശം ലഭിച്ച് ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ അനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കണം. പണം അടക്കുന്നതോടെ ഹജ്ജില്‍ പങ്കെടുക്കാനുള്ള അവസാനഘട്ട അനുമതി ലഭിക്കും. പതിനാലായിരം റിയാല്‍ മുതലാണ് ഹജ്ജ് പാക്കേജ് തുടങ്ങുന്നത്. മിനായിലെ ടവറിലും ടെന്റിലുമാണ് താമസ സൗകര്യം. ഈ മാസം 13നാണ് ഹജ്ജിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിലാണ് അറുപതിനായിരം പേര്‍ക്ക് മാത്രമാണ് ഇത്തവണ അവസരം.