സൗദിയില്‍ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല

സൗദിയില്‍ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല
സൗദി അറേബ്യയില്‍ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല. കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദി പട്ടണമായ ഹഫര്‍ അല്‍ബാത്വിനില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശി പ്രദീഷ് ചന്ദ്രശേഖരനെ (34) കഴിഞ്ഞ മൂന്ന് ആഴ്ചകളായി കാണാനില്ലെന്നാണ് പരാതി.

ഈ മാസം നാലാം തീയതി ജോലിസംബന്ധമായി സ്‌പോണ്‍സറുടെ കൂടെ പോയതാണെന്ന് പറയപ്പെടുന്നു. അതിനുശേഷം യാതൊരു വിവരവും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയിലെ ട്രെയ്‌ലര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഏപ്രില്‍ രണ്ടിന് അവധികഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയ ഇദ്ദേഹം, നിലവിലെ ജോലിയിലുള്ള ബുദ്ധിമുട്ടുകാരണം പുതിയൊരു കമ്പനിയിലേക്ക് ജോലി മാറാന്‍ തയാറെടുക്കുന്നതിനിടെയാണ് കാണാതായത്. ഇതിനിടെ ബന്ധുക്കളും സുഹൃത്തുക്കളും പലരീതിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കാണാതായതിന് പിന്നാലെ, സൗദിയിലുള്ള ബന്ധുവിന്റെ ഫോണിലേക്ക് ഒരു പ്രാവശ്യം പ്രദീഷ് ബന്ധപ്പെട്ടിരുന്നു. 'ജയിലിലേക്ക് കൊണ്ടുപോകുകയാണെന്ന് തോന്നുന്നു' എന്ന് മാത്രം പറഞ്ഞ് കോള്‍ കട്ടാവുകയും തുടര്‍ന്ന് ഫോണ്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ദമ്മാമില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആവശ്യപ്രകാരം പ്രദീഷിന്റെ നാട്ടുകാരനും ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ നൈസാം തൂലികയും അല്‍ഖസീമിലെ സാമൂഹികപ്രവര്‍ത്തകന്‍ ഹരിലാലും വിഷയത്തില്‍ ഇടപെടുന്നുണ്ട്.

Other News in this category



4malayalees Recommends