സൗദിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലം ; ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ആത്മഹത്യ ; കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ മുഹ്‌സിനയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുഹ്‌സിനയുടെ കുടുംബം നാട്ടില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സ്ത്രീധന പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഹ്‌സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ മുഹ്‌സിനയില്‍ നിന്നും സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് മുഹ്‌സിന ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ദുരൂഹത ആരോപിച്ചാണ് മുഹ്‌സിനയുടെ മാതാപിതാക്കളായ റുക്കിയ ബീവിയും അബ്ദുള്‍ സലാമും പരാതി നല്‍കിയത്. സമീറില്‍ നിന്നും മകള്‍ മാനസികശാരീരിക പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പണത്തിനു വേണ്ടിയായിരുന്നു നിരന്തരമായുള്ള ഉപദ്രവം എന്നും പറയുന്നു. സമീറിനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് പുറമെ ഇന്ത്യന്‍ എംബസിയിലും കുടുംബം പരാതി നല്‍കിയിരുന്നു.