സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 238 കൊവിഡ് രോഗികള്‍ അറസ്റ്റില്‍
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഐസൊലേഷന്‍, ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കൊവിഡ് രോഗികള്‍ അറസ്റ്റിലായി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ശാര്‍ അല്‍ ഷെഹ്രി പറഞ്ഞു. രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പിടിയിലായവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘനത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാവും. ക്വാറന്റീന്‍ നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്താനും സ്ഥിരമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.