ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ്; കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് ഇഡി

ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ്; കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് ഇഡി
കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പരിശോധന നടത്തിയത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാലപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരല്‍ നിന്നും 1200 കോടിയില്‍ അധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. സംഭവത്തില്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം സ്വദേശിയായ കെ. നിഷാദ് ഒളിവിലാണ്. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും ഇ.ഡി പരിശോധന നടത്തിയത്.

1200 കോടി രൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്ന് ഇടങ്ങളില്‍ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ അന്‍സാരി നെക്‌സ്‌ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്‌സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധന നടത്തി. തമിഴ്‌നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലും പരിശോധനകള്‍ നടന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 6 പേരെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.



Other News in this category



4malayalees Recommends