'അമ്മയില്‍ നിന്നും പത്തു പൈസ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും' എന്ന് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് കാവ്യ വിളിച്ച് രാജി വെയ്ക്കുകയാണെന്ന് പറഞ്ഞു: ഇന്നസെന്റ്

'അമ്മയില്‍ നിന്നും പത്തു പൈസ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും' എന്ന് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് കാവ്യ വിളിച്ച് രാജി വെയ്ക്കുകയാണെന്ന് പറഞ്ഞു: ഇന്നസെന്റ്
സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരുള്ള താരമാണ് കാവ്യ മാധവന്‍. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. കാവ്യ അമ്മ സംഘടനയില്‍ നിന്നും രാജി വയ്ക്കാന്‍ പോയതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്.

ഇന്നസെന്റിന്റെ വാക്കുകള്‍:

അമ്മയുടെ അംഗങ്ങള്‍ക്കായുള്ള ഇന്‍ഷൂറന്‍സിനും കൈനീട്ടത്തിനുമൊക്കെയായി പണം കണ്ടെത്താനുള്ളൊരു പരിപാടി നടക്കുകയായിരുന്നു. അപ്പോള്‍ കാവ്യ മാധവന്‍ എന്റെ അടുത്തു വന്നു. അവള്‍ എന്നെ കുറേ നേരം ഇങ്ങനെ നോക്കി നിന്നു. നീയെന്താ ഇങ്ങനെ നോക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.

'ഈ അസുഖമൊക്കെ വന്നിട്ടും ഇന്നസെന്റ് അങ്കിളിന് മാറ്റമൊന്നുമില്ല എന്നാണോ അതോ മാറ്റമുണ്ടെന്നാണോ, അതോ എന്റെ മുടി പോയത് കണ്ടിട്ടാണോ? എന്റെ മുടിയൊക്കെ പോയിരുന്നു. ഇങ്ങനെ പോയി പോയി ഒരു ദിവസം ഞാനില്ലാതെയാകും' എന്ന് ഞാന്‍ പറഞ്ഞതും ആ കുട്ടി കണ്ണ് പൊത്തി.

എന്നിട്ടവള്‍ എന്നോട് ചോദിച്ചു, 'ഇതെന്താ ഇന്നസെന്റ് അങ്കിളേ ഇങ്ങനെയൊക്കെ വരുന്നത്? ഇന്നസെന്റ് അങ്കിളിനെ പോലൊരാള്‍ക്ക് ഈ അസുഖം വരേണ്ട കാര്യമുണ്ടോ?' കാവ്യ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് അന്ന്. ഞാന്‍ അവളോട് പറഞ്ഞു, എനിക്കൊരു കാര്യം മനസിലായി. 'അമ്മയില്‍ നിന്നും പത്ത് പൈസ നമ്മള്‍ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും'.

അത് കേട്ടതും അവള്‍ അങ്കിളൊന്ന് മിണ്ടാതിരിക്കൂവെന്ന് പറഞ്ഞു. ഇവള്‍ ചെറിയ കുട്ടിയായിരിക്കെ എന്റെ മകളായി അഭിനയിച്ചതാണ്. എനിക്കത്രയും അടുപ്പമുണ്ട്. ഞാന്‍ അവളോട് പറഞ്ഞു, 'നമ്മള്‍ അമ്മ സംഘടനയില്‍ നിന്നും എടുത്താല്‍ ഇങ്ങനെയായിരിക്കും'. 'പ്രസിഡന്റ് അങ്കിള്‍, സെക്രട്ടറി മമ്മൂട്ടിയല്ലേ അപ്പോള്‍ മമ്മൂട്ടിയങ്കിളിനോ' എന്ന് ചോദിച്ചപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.

'മാത്രമല്ല, ഇനി ഇങ്ങനെയുള്ള പണം എടുക്കുന്നത് കണ്ടിട്ട് കണ്ടില്ലാ എന്ന് നടിക്കുന്നവര്‍ക്കും ഈ രോഗം വരാം' എന്ന് ഞാന്‍ പറഞ്ഞതും അവള്‍ നെഞ്ചത്ത് കൈ വച്ചു. അങ്കിള്‍ വെറുതെ തമാശ പറയുകയാണെന്ന് പറഞ്ഞ് അവള്‍ പോയി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാവ്യ മാധവന്‍ എന്നെ വിളിച്ചു. ഇന്നസെന്റ് 'അങ്കിളേ ഞാനാ കാവ്യ.

അന്ന് പറഞ്ഞില്ലേ പൈസ എടുത്താല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഇതുപോലെ സംഭവിക്കാം എന്ന്. ഞാന്‍ ഇവിടെ അമ്മയോടും അച്ഛനോടും പറഞ്ഞപ്പോള്‍ നമ്മക്ക് ഒന്നും വരില്ലാ എന്നാണ് പറഞ്ഞത്. അത് ചോദിക്കാന്‍ വിളിച്ചതാണ്' എന്ന് പഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പിന്നേയും എന്നെ വിളിച്ചു.

'അങ്കിളേ ഞാനാണ് കാവ്യ എന്ന് പറഞ്ഞു, എന്തേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ രാജി വെക്കുകയാണ്' എന്നായിരുന്നു കാവ്യ പറഞ്ഞത്. ഞാന്‍ പറഞ്ഞത് അവള്‍ കാര്യമാക്കി എടുത്തു. പിന്നെ ഞാനവളെ വിളിച്ച് തെളിയിച്ച് പറഞ്ഞു കൊടുത്തു. ഇതൊക്കെ ഈ ഇന്നസെന്റ് അങ്കിളിന്റെ നേരം പോക്കാണെന്ന്.


Other News in this category



4malayalees Recommends