ഇന്ധനവും മരുന്നും ഭക്ഷ്യസാധനങ്ങളും വാങ്ങാന്‍ പണമില്ലാതെ ജനം നെട്ടോട്ടത്തില്‍ ; ശ്രീലങ്കയില്‍ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ധനവും മരുന്നും ഭക്ഷ്യസാധനങ്ങളും വാങ്ങാന്‍ പണമില്ലാതെ ജനം നെട്ടോട്ടത്തില്‍ ; ശ്രീലങ്കയില്‍ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയില്‍ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. അവശ്യവസ്തുക്കളും മണ്ണെണ്ണ അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ജീവിതം രാജ്യത്ത് പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ലോക ബാങ്കിന്റെ ലോണ്‍ അടുത്ത മാസത്തോടുകൂടി ലഭ്യമാകുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത് ഫെബ്രുവരി 28നാണ്. കര്‍ശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിര്‍ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകള്‍. മുന്‍പും ഐഎംഎഫ് ഇത്തരം വ്യവസ്ഥകള്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ശ്രീലങ്ക തയാറായിരുന്നില്ല. നിലവില്‍ മറ്റ് വഴികള്‍ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകള്‍ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്.

ശ്രീലങ്കയിലെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കാനാണ് ശ്രീലങ്കന്‍ റെയില്‍വേയുടെ നീക്കം.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

Other News in this category



4malayalees Recommends