എസ്.ഡി.പി.ഐയേയും, പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ്; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിവേദനം നല്‍കി

എസ്.ഡി.പി.ഐയേയും, പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ്; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിവേദനം നല്‍കി
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കണ്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിവേദനം നല്‍കി.

ഹിജാബ്, ഹലാല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ കര്‍ണാടകയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ് എന്ന് നേതാക്കള്‍ ആരോപിച്ചു. അതിനാല്‍ ഈ സംഘടനകളെ നിരോധിക്കണമെന്നാണ് നിവേദനത്തില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പടെയാണ് മുഖ്യമന്ത്രിയെ കണ്ടത്.

സംസ്ഥാനത്ത് ഹിജാബ് സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ പിന്തുണയുള്ള സി.എഫ്.ഐ (കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ) ആണെന്ന് നേരത്തെ ഫെബ്രുവരി എട്ടിന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് ആരോപിച്ചിരുന്നു.

എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പാര്‍ട്ടികളെയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് വിലക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കിടയില്‍ മുറവിളി ഉയരുന്നതിനിടെയായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടക ആഭ്യന്ത്ര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പരാമര്‍ശം.

സംസ്ഥാനത്ത് ഒരു സംഘടനയെയും നിരോധിക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends