യു.എ.ഇ പ്രസിഡന്റ് , ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

യു.എ.ഇ പ്രസിഡന്റ് , ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും അബുദബിയില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളും സുസ്ഥിര വികസനത്തിനും സമ്യദ്ധിക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകളും നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കുവെച്ചു. അതോടൊപ്പം വിവിധ പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളിലും നിലപാടുകള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്തു. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിനും സാധാരണക്കാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നും ഇരുവരും വ്യക്തമാക്കി. ഫലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ശാശ്വതമായ സമാധാനം കൈവരിക്കുന്നത് സംബന്ധിച്ച ആഗ്രഹവും നേതാക്കള്‍ പങ്കുവെച്ചു.അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തിയ ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ്, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ഖത്തറിന്റെ ഭാഗത്തുനിന്ന് യോഗത്തില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി എന്നിവരടക്കം മുതിര്‍ന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 2026ല്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന് യു.എ.ഇയുടെ പിന്തുണയുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ യു.എ.ഇ പിന്‍വലിക്കുകയും ചെയ്ക്കും. സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അമീറിനും ഖത്തറിനും എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു. ഖത്തറിനെ പിന്തുണച്ച നടപടിയില്‍ ശൈഖ് തമീം നന്ദി പറഞ്ഞു. കൂടിക്കാഴ്ചക്കുശേഷം അമീര്‍ വൈകുന്നേരത്തോടെ മടങ്ങി.

Other News in this category



4malayalees Recommends