മലയാളി പ്രവാസികള്‍ 22 ലക്ഷം; മുന്നില്‍ മലപ്പുറം; കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ ; വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ മുന്നില്‍ യുകെ

മലയാളി പ്രവാസികള്‍ 22 ലക്ഷം; മുന്നില്‍ മലപ്പുറം; കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ ; വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ മുന്നില്‍ യുകെ
മലയാളി പ്രവാസികള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എന്‍ആര്‍ഐ പണമായി കണ്ടെത്തിയിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തിനിപ്പുറം അതില്‍ 154.9 ശതമാനം വര്‍ധനവു കാണിക്കുന്നു. പ്രവാസികള്‍ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വര്‍ധന 2023ല്‍ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സര്‍വേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതല്‍ ഈ കണക്കില്‍ സ്ഥിരത കാണിക്കുന്നുണ്ട്

നാട്ടിലേക്കുള്ള എന്‍ആര്‍ഐ പണത്തിന്റെ അളവില്‍ വലിയ വര്‍ധനവുണ്ടെങ്കിലും കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധയുണ്ടായിട്ടില്ലെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. 2018ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ല്‍ 22 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. വിദ്യാര്‍ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോര്‍ട്ട് കാണിക്കുന്നു. 2018ല്‍ 1,29,763 വിദ്യാര്‍ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കില്‍ 2023ല്‍ അത് 2,50,000 ആയി വര്‍ധിച്ചു. കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സര്‍വേ റിപ്പോര്‍ട്ട് 17 വയസിനു മുന്‍പുതന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാന്‍ യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.

മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍തന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018ലെ 89.2 ശതമാനത്തില്‍നിന്ന് 2023ല്‍ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്. വിദ്യാര്‍ഥി കുടിയേറ്റത്തില്‍ യുകെയാണ് മുന്നില്‍. ആകെ വിദേശ വിദ്യാര്‍ഥികളില്‍ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തില്‍നിന്ന് 2023ല്‍ 19.1 ശതമാനത്തിന്റെ വര്‍ധന കാണിക്കുന്നു. സ്ത്രീ പ്രവാസികള്‍ ജിസിസി രാജ്യങ്ങളില്‍നിന്ന് കൂടുതലായി യൂറോപ്പ്, പശ്ചിമ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണത കാണിക്കുന്നു.

2023ല്‍ 18 ലക്ഷം മലയാളികള്‍ നാട്ടിലേക്കു മടങ്ങിയെത്തിയതായാണു റിപ്പോര്‍ട്ട് പറയുന്നത്. 2018ല്‍ ഇത് 12 ലക്ഷമായിരുന്നു

Other News in this category



4malayalees Recommends