ന്യുയോര്‍ക്കില്‍ പുതിയ ചരിത്രം: കെവിന്‍ തോമസ് സ്‌റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു

ന്യുയോര്‍ക്കില്‍ പുതിയ ചരിത്രം: കെവിന്‍ തോമസ് സ്‌റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു
ഹെമ്പ്‌സ്‌റ്റെഡ്, ന്യൂയോര്‍ക്ക്: സ്‌റ്റേറ്റ് സെനറ്റിലെ മജോറിറ്റി ലീഡര്‍ സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സിന്റെ മുമ്പാകെ കെവിന്‍ തോമസ് സ്‌റ്റേറ്റ് സെനറ്ററായി സത്യപ്രതിഞ്ജ ചെയ്താതോടെ ന്യു യോര്‍ക്ക് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കാലടിപ്പാടുകള്‍ പതിയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യമായ പിന്തുണയോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതിരുന്നിട്ടും റിപ്പബ്ലിക്കന്‍ കോട്ട എന്നു കരുതിയ ആറാം ഡിസ്ട്രിക്ടില്‍ നിന്നു വിജയിച്ച് കയറിയ മുപ്പത്തിമൂന്നുകാരനായ സെന. കെവിന്റെ സത്യപ്രതിജ്ഞയ്ക്ക് ഭാര്യ റിന്‍സി, ഏഴ് ആഴ്ച മാത്രം പ്രായമുള്ള പുത്രി ലൈലാ റേച്ചല്‍ തോമസിനെയുമെടുത്ത് പോഡിയത്തിലെത്തി. റിന്‍സിയുടെ കൈയ്യിലെ ബൈബിളില്‍ കൈ വെച്ചു കെവിന്‍ സത്യവാചകം ഏറ്റു ചൊല്ലി.


കെവിന്റെ പിതാവ് തോമസ് കാനമൂട്ടില്‍, മാതാവ് റേച്ചല്‍ തോമസ്, റിന്‍സിയുടെ മാതാവ് സൂസന്‍ ജോണ്‍, കെവിന്റെ സഹോദരി ഷൈന്‍ തോമസ്, മറ്റു കുടുംബാംഗങ്ങളായ റയന്‍ ജോണ്‍, റിക്കി ജോണ്‍, ജൂബി സണ്ണി എന്നിവരും അഭിമാനകരമായ ഈ ചടങ്ങിനു സാക്ഷികളായി.


സ്‌റ്റേറ്റ് ലഫ് ഗവര്‍ണര്‍ കാഠി ഹോക്കല്‍, യുഎസ് സെനറ്റര്‍ ചക്ക് ഷൂമര്‍, നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറന്‍, സഫോക് കൗണ്ടി എക്‌സിക്യൂട്ടീവ് സ്റ്റീവ് ബലോണ്‍, സ്‌റ്റേറ്റ് ട്രഷറര്‍ തോമസ് ഡി നാപ്പൊളി, ഏഷ്യന്‍ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ ലൂ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഏതാനും പഞ്ചാബികളും പങ്കെടുത്തു.


കെവിനും കുടുംബവും അംഗങ്ങളായ മാര്‍ത്തോമാ ഭദ്രാസനത്തീന്റെ എപ്പിസ്‌കോപ്പ റവ.ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് അനുഗ്രഹ പ്രാര്‍ത്ഥന നടത്തി.


സെനറ്റര്‍ ചക് ഷൂമറുടെ പ്രസംഗം ആവേശമുണര്‍ത്തുന്നതായിരുന്നു. നാലു കാരണങ്ങള്‍കൊണ്ട് ഇത് മഹത്തായ ദിനമാണെന്നദ്ദേഹം പറഞ്ഞു. ആദ്യമായി ഇതു കെവിന്റെ ദിനമാണ്. എളിയ തുടക്കത്തില്‍ നിന്നാണ് കെവിന്‍ ഇവിടെ എത്തിയത്. പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ ക്വീന്‍സിലെ ജമൈക്കയിലെ വര്‍ക്കിംഗ് ക്ലാസ് ഏരിയയിലാണ് വളര്‍ന്നത്. എങ്കിലും നല്ല കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ നിറഞ്ഞുനിന്നു.


വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോര്‍ക്ക് പോലീസില്‍ സിവിലിയന്‍ ഓഫീസറായി. തുടര്‍ന്ന് സെനറ്റര്‍ പീറ്റര്‍ വാലോന്റെ കീഴില്‍ പ്രവര്‍ത്തിച്ചു. പിന്നീട് നിയമം പഠിച്ചു. എട്ടുവര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. സൗജന്യ നിയമസഹായം നല്‍കാനും സ്റ്റുഡന്റ്‌സ് ലോണ്‍ വഴിയുള്ള ചൂഷണത്തിനെതിരേ പോരാടാനും കോവിന്‍ മുന്നിലുണ്ട്.


കെവിന്റെ കുടുംബത്തിനും മഹത്തായ ദിനമാണ് ഇത്. പൊതുപ്രവര്‍ത്തകരുടെ കുടുംബവും ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും. പുത്രിയുടെ അഞ്ചാം ജന്മദിനത്തില്‍ തനിക്ക് എത്താന്‍ കഴിഞ്ഞില്ല. പുത്രിക്ക് ഇപ്പോള്‍ 29 വയസായി. എങ്കിലും ഇപ്പോഴും ആക്കാര്യം അവള്‍ മറന്നിട്ടില്ല.


തനിക്കും ആറാഴ്ച പ്രായമുള്ള പേരക്കുട്ടിയുണ്ട്.


കെവിന്‍ പ്രതിനിധീകരിക്കുന്ന ആറാം ഡിസ്ട്രിക്ടിനും ഇത് മഹത്തായ ദിനമാണ്. വൈവിധ്യത്തിന്റെ പ്രതിഫലനമാണ് കെവിന്റെ വിജയം. തങ്ങള്‍ക്കുവേണ്ടി ആരെങ്കിലും പോരാടാന്‍ ജനം ആഗ്രഹിക്കുന്നു. ഇതാ കെവിന്‍ അതിനു തയാര്‍.


ഇത് അമേരിക്കയ്ക്കും മഹത്തായ ദിനമാണ്. നാം ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുന്നു. നമുക്കത് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്നാണ് സ്ഥാപക പിതാക്കളിലൊരാളായബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പറഞ്ഞത്. അന്ന് വോട്ട് ചെയ്യാന്‍ അവകാശം വെള്ളക്കാരായ പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു. അവര്‍ പ്രൊട്ടസ്റ്റന്റ് ആയിരിക്കണം. ഭൂസ്വത്ത് ഉള്ളവരായിരിക്കണം. അന്നത്തെ നിയമം വെച്ചു നോക്കുമ്പോള്‍ തനിക്കു വോട്ട് ചെയ്യാനോ, ഇലക്ഷന് മത്സരിക്കാനോ യോഗ്യതയില്ല.


ഈ ഓഡിറ്റോറിയത്തിലേക്ക് ബന്‍ ഫ്രാങ്ക്‌ളിന്‍ നോക്കിയാല്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷം കൊണ്ടു മന്ദഹസിക്കും സെനറ്റര്‍ ഷൂമര്‍ കരഘോഷത്തിനിടയില്‍ പറഞ്ഞു.


അവിശ്വസനീയമായ വിജയമാണ് കെവിന്റേതെന്നു സെനറ്റര്‍ ആന്‍ഡ്രിയ സുറ്റുവര്‍ട്ട് കസിന്‍സ് പറഞ്ഞു. ഇലക്ഷനു രണ്ട് നാള്‍ മുമ്പ് കണ്ടപ്പോള്‍ തനിക്ക് പ്രചാരണത്തിനു പണം കിട്ടിയാല്‍ ജയസാധ്യതയുണ്ടെന്നു കെവിന്‍ പറഞ്ഞു. പണം കിട്ടിയിലാലും രണ്ട് നാളുകൊണ്ട് എന്തു ചെയ്യാനാകുമെന്നു താന്‍ ചോദിച്ചു


ഫലപ്രഖ്യാപന ദിവസം കെവിന്റെ പേരുപോലും ബോര്‍ഡില്‍ ഇല്ലായിരുന്നു. എന്നാല്‍ കെവിന്‍ മുന്നേറുന്നു എന്നു കണ്ടപ്പോള്‍ പേര് മുകളില്‍ തന്നെ കൊടുക്കാന്‍ താന്‍ പറഞ്ഞു. അതിശയകരമായ പ്രചാരണമാണ് കെവിന്‍ നടത്തയിത്. പാര്‍ട്ടി ഒന്നുംകൊടുത്തില്ല എന്നിട്ടും കെവിന്‍ ജയിച്ചു അവര്‍ പറഞ്ഞു.


സത്യപ്രതിജ്ഞയ്ക്കുശേഷം കെവിന്‍ നടത്തിയ പ്രസംഗത്തില്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനു ഭാര്യയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞു. ഇലക്ഷനു മുമ്പ് വരാതിരുന്നതിനു പുത്രിയ്ക്കും നന്ദി പറഞ്ഞു. വോളണ്ടിയര്‍മാരുടെ സേവനം അനുസ്മരിച്ച കെവിന്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി.


ഇവരുടെയൊക്കെ സേവനം ഒരിക്കലൗം മറക്കില്ല. തന്റെ പ്രവര്‍ത്തനകാലത്തെ ഓരോ നിമിഷവും ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്.


സ്വയം ചരിത്രം സൃഷ്ടിച്ച മജോറിറ്റി ലീഡര്‍ തന്നെ തനിക്ക് തനിക്ക് സത്യവാചകം ചൊല്ലിത്തന്നതില്‍ അഭിമാനമുണ്ട്. (ആദ്യമായി മജോറിട്ടി ലീഡറാകുന്ന ആഫ്രിക്കന്‍ അമേരിക്കന്‍.) ന്യു യോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററാണ് താന്‍. എല്ലാ തിരക്കും കഴിയുമ്പോള്‍ തന്റെ പ്രവര്‍ത്തനം വെച്ചാണ് ജനംതന്നെ വിലയിരുത്തുന്നതെന്നറിയാം.


തനിക്ക് മുമ്പ് പലരും നടത്തിയ പ്രവര്‍ത്തനങ്ങളാണ് തനിക്ക് വിജയം കൊണ്ടുവന്നത്. അവര്‍ വൈവിധ്യത്തില്‍ വിശ്വസിച്ചു. വൈവിധ്യം മികച്ച ഭരണം കൊണ്ടു വരുമെന്നു കരുതി.


നല്ല സ്‌കൂളോ, മികച്ച റോഡോ,വെള്ളമോ ഒന്നും പാര്‍ട്ടി അടിസ്ഥാനത്തില്‍ ചിന്തിക്കേണ്ട കാര്യമല്ല. താന്‍ എല്ലാവരുടേയും സെനറ്ററായിരിക്കും. പാര്‍ട്ടി അടിസ്ഥാനത്തിലല്ലാതെലോംഗ്‌ഐലന്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താനുണ്ടാവും. മികച്ച സ്‌കൂള്‍, നല്ല വെള്ളം, ആവശ്യത്തിനുപാര്‍പ്പിടം തുടങ്ങിയവയ്‌ക്കൊക്കെ വേണ്ടി താന്‍ മുന്നിട്ടിറങ്ങും ഇവയാണ് സുരക്ഷിതമായ സമൂഹത്തിന്റെ അടിത്തറ.


കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍ എന്ന നിലയില്‍ 20 മില്യന്‍ ജനതയെ ചൂഷണങ്ങളില്‍ നിന്നു രക്ഷിക്കാനുള്ള ചുമതലയും തനിക്കുണ്ട്. കമ്പനികള്‍ വ്യക്തിപരമായ വിവരങ്ങള്‍ നിങ്ങളുടെ സമ്മതം കൂടാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് തടയുന്ന ബില്‍ താന്‍ അവതരിപ്പിക്കുംകെവിന്‍ പറഞ്ഞു.


മറ്റു രാഷ്ട്രീയക്കാരെപ്പോലയല്ല കെവിന്‍ എന്നും പള്ളിയില്‍ വന്നാല്‍ തങ്ങളോടൊപ്പം സര്‍വീസില്‍ പങ്കെടുക്കുമെന്നും ലെയ്ക്ക് വ്യൂവിലെ സെന്റ് മാത്യു എ.എം.ഇ. സയന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ക്രിസ്റ്റഫര്‍ ജെ. ബ്രൗണ്‍ പറഞ്ഞു. അദ്ധേഹവും ഈസ്റ്റ് മേഡോയിലെ ലോംഗ് ഐലന്‍ഡ് മുസ്ലിം സൊസൈറ്റിയിലെ ബംഗ്ലാദേശിയായ ഇമാം ഹഫീസ് അഹമ്മദുള്ള കമാലും സമാപനാ പ്രാര്‍ഥന നടത്തി.


ഡ്രം ബീറ്റ്‌സ് ഓഫ് ലോംഗ് ഐലണ്ടിന്റെ ചെണ്ടമേളം ഹ്രുദയഹാരിയായി. മുഖ്യധാരയില്‍ നിന്നുള്ളവര്‍ ഈ അപൂര്‍വ കലാവിരുന്ന് ക്യാമറയില്‍ ഒപ്പിയെടുത്തു. റിയ അലക്‌സാണ്ടര്‍ ദേശീയ ഗാനം ആലപിച്ചു.


കെവിന്റെ സ്ഥാനലബ്ദി അഭിമാനകരമാണെന്നു ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ പറഞ്ഞു.


പ്രത്യേകിച്ച് രാഷ്ട്രീയ പാരമ്പര്യമൊന്നും ഇല്ലെന്നു കെവിന്റെ പിതാവ് റാന്നി സ്വദേശിയായ തോമസ് കാനമൂട്ടില്‍ പറഞ്ഞു.


ചടങ്ങില്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശത്രുഘന്‍ സിന്‍ഹ, കോണ്‍സല്‍ ദേവദാസന്‍ നായര്‍,പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, കോശി ഉമ്മന്‍, ബിജു കൊട്ടാരക്കര,തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തുOther News in this category4malayalees Recommends