അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു ; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകും

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു ; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകും
അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു. ക്ഷേത്രത്തിന്റെ നിര്‍മ്മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശിലാസ്ഥാപന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു.

യുഎഇ വിദേശകാര്യരാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമായി. അബു മുറൈഖയിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിരുന്നു ചടങ്ങുകള്‍.

യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മിക്കുക. ക്ഷേത്രത്തോട് ചേര്‍ന്ന് ഗംഗ, യമുന, സിന്ധു നദീ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ പുണ്യനദീ സംഗമം പുനരാവിഷ്‌കരിക്കും. മൂവായിരത്തിലധികം വിദഗ്ധ തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ജുമൈറയില്‍ എല്ലാ ദിവസവും രാവിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ ഉണ്ടാകും. ഭൂപ്രദേശത്തെ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കുംവിധം രാജസ്ഥാനില്‍ നിന്നുള്ള ചുവന്ന മണല്‍ക്കല്ലാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള വെണ്ണക്കല്ലുകളും ക്ഷേത്രശില്‍പങ്ങള്‍ക്ക് അഴകേകും. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്ര നിര്‍മാണത്തിന് എഴുന്നൂറു കോടിരൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends