വിപണിയില്‍ ലഭിക്കുന്ന മൗത്ത്‌വാഷുകള്‍ വായ് കഴുകാന്‍ മാത്രമല്ല കൊറോണാവൈറസിനെ തടഞ്ഞ് നിര്‍ത്താനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍, അല്‍പ്പസമയത്തേക്ക് മാത്രമാണ് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയെന്ന് മാത്രം! ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വായും, തൊണ്ടയും ശുചീകരിക്കുമ്പോള്‍ ഇവിടങ്ങളിലുള്ള വൈറല്‍ പദാര്‍ത്ഥങ്ങളെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ സ്ഥിതിയില്‍ കൊവിഡ്19 പകര്‍ച്ചയും തല്‍ക്കാലത്തേക്ക് തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എന്നാല്‍ കൊവിഡ്19 ഇന്‍ഫെക്ഷന്‍ ചികിത്സിക്കാനും, പുതിയ കൊറോണാവൈറസ് പിടിപെടാതെ സ്വയം സംരക്ഷിക്കാനും മൊത്ത്‌വാഷുകള്‍ ഗുണം ചെയ്യുന്നില്ലെന്നും ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ വ്യക്തമാക്കി. കൊവിഡ്19 രോഗികളുടെ വായിലെ വിടവുകളിലും, തൊണ്ടയിലും വലിയ തോതിലുള്ള വൈറല്‍ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജര്‍മ്മനിയിലെ റുഹര്‍ യൂണിവേഴ്‌സിറ്റി ബോഷത്തില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.
തുമ്മല്‍, ചുമ, സംസാരം എന്നിവയിലൂടെ രോഗം ബാധിച്ചവരില്‍ നിന്നും പുറത്തുവരുന്ന ഡ്രോപ്‌ലെറ്റുകളിലൂടെയാണ് വൈറസ് സഞ്ചരിക്കുന്ന പ്രധാന പാത. മൂക്ക്, വായ്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ചര്‍മ്മപാളിയില്‍ നിന്നും ഇത് പടരാം. ഡെന്റല്‍ ട്രീറ്റ്‌മെന്റുകള്‍ക്ക് പുതിയ പ്രോട്ടോക്കോള്‍ കണ്ടെത്തേണ്ട ആവശ്യകതയിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നത്. വായ് കഴുകുന്നത് വായിലെ ഉമിനീരിന്റെ അളവ് കുറയ്ക്കാനും കൊവിഡ്19 പകരുന്ന സാധ്യത കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു.
വിവിധ ചേരുവകള്‍ അടങ്ങിയ എട്ട് മൗത്ത്‌വാഷുകളാണ് ഇവര്‍ പഠനവിധേയമാക്കിയത്. 30 സെക്കന്‍ഡ് നേരത്തേക്ക് മൗത്ത്‌വാഷ് ഉപയോഗിച്ചപ്പോള്‍ വൈറസിനെ തീരെ കാണാതാകുന്ന അവസ്ഥ വരെ കണ്ടെത്തി. എന്നാല്‍ എത്ര സമയത്തേക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്ന് വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.