കൊവിഡ്19; ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യുഎഇ; തെറ്റിച്ചാല്‍ ശിക്ഷ കടുപ്പം

കൊവിഡ്19; ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യുഎഇ; തെറ്റിച്ചാല്‍ ശിക്ഷ കടുപ്പം
രാജ്യത്ത് കൊവിഡ്19 പടരുന്നത് തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ട് അധികൃതര്‍. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ പുതിയ നയങ്ങളും, പിഴയുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ യുഎഇയില്‍ കൊവിഡ്19 കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. രാജ്യത്ത് പ്രഖ്യാപിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു. പുതിയ നിയമങ്ങള്‍ സാഹചര്യവും, പ്രാധാന്യവും പരിഗണിച്ചാണ് കണക്കാക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ എമര്‍ജന്‍സി, ക്രൈസിസ് & ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി ആക്ടിംഗ് ചീഫ് പ്രോസിക്യൂട്ടര്‍ സാലെം അല്‍ സാബി പറഞ്ഞു.

ഏത് സാഹചര്യം രൂപപ്പെട്ടാലും നേരിടാന്‍ തയ്യാറാണെന്നും യുഎഇ സര്‍ക്കാരിന്റെ 'കമ്മിറ്റ് ടു വിന്‍' പ്രചരണങ്ങളുടെ ഭാഗമായുള്ള ലൈവ് ബ്രോഡ്കാസ്റ്റില്‍ സാബി കൂട്ടിച്ചേര്‍ത്തു. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവായ ഡോ. ഒമര്‍ അല്‍ ഹമാദിയും പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു. സാമൂഹിക അകലം പാലിച്ചും, പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചും, അണുനശീകരണത്തില്‍ പ്രാധാന്യം നല്‍കിയും പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ അധ്വാനിച്ച് നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. സുരക്ഷാ നിയമങ്ങള്‍ പാലിച്ചാല്‍ മാത്രമാണ് സമ്പദ് ഘടനയെ മുന്നോട്ട് നയിക്കാന്‍ കഴിയുക, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും, നമ്മുടെ യാത്രകള്‍ തുടരാനും സാധിക്കൂവെന്നും ഡോ. ഒമര്‍ അല്‍ ഹമാദി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends