മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ

മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ
അഞ്ച് മാസം മുമ്പ് മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ. ഇവരുടെ പഠന, താമസ ചെലവുകള്‍ പൂര്‍ണമായും ദുബൈ ഏറ്റെടുത്തു. 18, 13 വയസുള്ള കുട്ടികള്‍ക്ക് പുറമെ, മരണപ്പെട്ടവരുടെ മാതാപിതാക്കള്‍ക്കും ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി.

ദുബൈയിലെ കനേഡിയന്‍ യൂനിവേഴ്‌സിറ്റിയിലും റെപ്റ്റണ്‍ സ്‌കൂളിലുമാണ് കുട്ടികള്‍ക്ക് പൂര്‍ണ സ്‌കോളര്‍ഷിപ്പോടെ പഠന സൗകര്യം ഏര്‍പെടുത്തുക. സൗകര്യപ്രദമായ സ്ഥലത്ത് ഇവര്‍ക്കും രക്ഷിതാക്കള്‍ക്കും താമസമൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇവര്‍ക്കുള്ള നിയമ സഹായം ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസിന്റെ നേതൃത്വത്തിലായിരുന്നു നല്‍കിയിരുന്നത്.

ജൂണ്‍ 17നാണ് ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ, വിധി ആദിയ എന്നിവര്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ പാകിസ്താന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ദുബൈ അറേബ്യന്‍ റാഞ്ചസ് മിറാഡിലെ വില്ലയില്‍ കയറിയ ഇയാള്‍ മോഷണത്തിനിടെ കൊലപാതകം നടത്തുകയായിരുന്നു. ദുബൈയില്‍ ജീവിക്കണമെന്നും പഠിക്കണമെന്നുമുള്ള കുട്ടികളുടെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ഏറ്റെടുത്തതെന്ന് കാപ്റ്റന്‍ ഡോ.അബ്ദുല്ല അല്‍ ശൈഖും ബ്രിഗേഡിയര്‍ അഹ്മദ് റഫിയും പറഞ്ഞു.

Other News in this category



4malayalees Recommends