ആറ് ദിവസം മുമ്പ് കാണാതായ 13 കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ ബന്ധുക്കള്‍

ആറ് ദിവസം മുമ്പ് കാണാതായ 13 കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ ബന്ധുക്കള്‍
ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുലാന്ദ്ഷഹറിലെ സിറൗറ ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് കാണാതായത്. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ജോലിക്കിടയില്‍ വെള്ളം കുടിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയ കുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

മകള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടിലും ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മദ്യപിച്ച യുവാവിവനെ മാത്രമാണ് ഇവിടെ കണ്ടെത്താനായത്.

തുടര്‍ന്ന് ഫെബ്രുവരി ഇരുപത്തിയെട്ടിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച രാവിലെയാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്ന വയലില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ ഒരു മൃതദേഹം കുഴിച്ചിട്ടതായി വിവരം ലഭിക്കുന്നത്. വിവരം അറിഞ്ഞ് നാട്ടുകാരും വീട്ടിലെത്തി. വീടിന്റെ പരിസരത്ത് പുതിയ കുഴി എടുത്തതായി കണ്ടെത്തിയ ഗ്രാമവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മണ്ണ് മാറ്റി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പെണ്‍കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടിലെ യുവാവ് മദ്യപിച്ച് മകളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടതാണെന്ന് പിതാവ് ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ വീട്ടില്‍ അച്ഛനും മകനുമാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനെ ഷിംലയില്‍ വെച്ച് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.

Other News in this category4malayalees Recommends