വിവാഹേതര ബന്ധം സംശയിച്ച് 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി

വിവാഹേതര ബന്ധം സംശയിച്ച് 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി
മധ്യപ്രദേശില്‍ വിവാഹേതര ബന്ധം സംശയിച്ച് 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് യുവാവ് വെട്ടിമാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

ഭോപ്പാലില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പ്രീതം സിങ് സിസോദിയയാണ് ഭാര്യയെ ആക്രമിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമാണ് പ്രീതം താമസിക്കുന്നത്. ഭാര്യ സംഗീത ഇന്‍ഡോറിലെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. അവധി ദിവസങ്ങളില്‍ മാത്രമാണ് സംഗീത വീട്ടില്‍ വരുന്നത്.

ചൊവ്വാഴ്ച സംഗീത വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്. രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ പ്രീതം യുവതിയെ ആക്രമിക്കുകയായിരുന്നു ഉണ്ടായത്. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

സംഗീതയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് സംഗീതയെ നാട്ടുകാര്‍ കാണുന്നത്. തല വെട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി നില്‍ക്കുകയായിരുന്നു പ്രീതം എന്ന് നാട്ടുകാര്‍ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ പ്രീതത്തെ അറസ്റ്റ് ചെയ്തു. യുവതിയുടെ അറ്റുപോയ കൈയും പാദവും തുന്നിച്ചേര്‍ക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends