ഒന്റാറിയോവിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കോവിഡ് കാരണം വിലക്കി ഫെഡറല്‍ ഗവണ്‍മെന്റ്; നീക്കം പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച്; ഒന്റാറിയോവിലേക്ക് പോകാനൊരുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുളളവര്‍ പ്രതിസന്ധിയില്‍

ഒന്റാറിയോവിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കോവിഡ് കാരണം വിലക്കി ഫെഡറല്‍ ഗവണ്‍മെന്റ്;  നീക്കം പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച്; ഒന്റാറിയോവിലേക്ക് പോകാനൊരുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുളളവര്‍ പ്രതിസന്ധിയില്‍
ലോകമെമ്പാടുമുള്ള നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഒന്റാറിയോവിലേക്ക് തിരിച്ചെത്തുന്നത് നിരോധിക്കുന്നുവെന്ന് വ്യക്തമാക്കി കാനഡ രംഗത്തെത്തി. ഏപ്രില്‍ 29ന് നടത്തിയ ഒരു യോഗത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. ട്രൂഡോവിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഒന്റാറിയോ പ്രീമിയര്‍ ഡൗഗ് ഫോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഒന്റാറിയോവിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുളളവര്‍ ഇതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിട്ടുണ്ട്.

കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കാന്‍ ട്രൂഡോവിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ഫോര്‍ഡ് അഭിപ്രായപ്പെടുന്നു. ഇതിനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് വരുന്നത് തടയണമെന്നും ഫോര്‍ഡ് നിര്‍ദേശിക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എത്തുന്നത് നിലവിലെ സാഹചര്യത്തില്‍ കാനഡയിലേക്ക് വരുന്നത് തടയണമെന്ന അപേക്ഷ മുന്നോട്ട് വച്ചിരിക്കുന്നത് നിലവില്‍ ഒന്റാറിയോ പ്രൊവിന്‍സ് മാത്രമാണെന്നും ഇക്കാര്യത്തില്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും ട്രൂഡോ പറയുന്നു.

എന്നാല്‍ പുതിയ തീരുമാനം എപ്പോഴായിരിക്കും നടപ്പില്‍ വരുന്നതെന്ന് ഫെഡറല്‍ സര്‍ക്കാരോ ഒന്റാറിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിലുള്ള വിലക്ക് എത്ര കാലം നിലനില്‍ക്കുമെന്നും സര്‍ക്കാരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. വിദേശത്ത് നിന്നും കാനഡയിലേക്കുള്ള വരവുകളില്‍ തീരുമാനമെടുക്കാന്‍ അധികാരം ഫെഡറല്‍ സര്‍ക്കാരിനാണ്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങളും അപേക്ഷകളും സമര്‍പ്പിക്കാവുന്നതാണ്.

നിലവില്‍ കാനഡയിലുള്ള യാത്രാ നിയന്ത്രണങ്ങളില്‍ നിന്നും ഇളവുകള്‍ ലഭിച്ചവരാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്. ഇവര്‍ കാനഡയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയുകയും കോവിഡ് ടെസ്റ്റിന് വിധേയമാകുകയും ചെയ്യണമെന്ന നിബന്ധനയാണ് നിലവിലുളളത്. ഒന്റാറിയോയുടെ അപേക്ഷയെ തുടര്‍ന്ന് ഒന്റാറിയോവിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വരവിന് ഫെഡറല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Other News in this category4malayalees Recommends